
തൊടുപുഴയുടെ രാഷ്ട്രീയ ചരിത്രത്തിൽ പി.ജെ. ജോസഫ് എന്ന പേര് അവിഭാജ്യഘടകമാണ്. 1970 മുതൽ മത്സരിച്ച പത്ത് തവണയും ഈ മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. 2001-ൽ പി.ടി. തോമസിനോട് പരാജയപ്പെട്ടതൊഴിച്ചാൽ തൊടുപുഴ എന്നും ജോസഫിനൊപ്പമായിരുന്നു. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ തട്ടകം മകൻ അപു ജോൺ ജോസഫിന് കൈമാറാൻ അദ്ദേഹം ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ജനുവരിയിൽ അപുവിനെ പാർട്ടിയുടെ കോർഡിനേറ്റർ പദവിയിലേക്ക് ഉയർത്തിയത് ഇതിന്റെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങാൻ പാർട്ടി നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും, ഔദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ എന്നാണ് അപുവിന്റെ പ്രതികരണം. പി ജെ ജോസഫ് തൊടുപുഴയിൽ മത്സരിക്കുകയും അപുവിന് മറ്റൊരു സീറ്റ് നൽകുകയും ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
മറ്റ് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കടുത്തുരുത്തിയിൽ നിലവിലെ എം.എൽ.എയും പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ മോൻസ് ജോസഫ് തന്നെ വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ മത്സരിക്കാനുള്ള താല്പര്യം മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിലും ഇത്തവണയും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മാത്രമല്ല, ഒരു സീറ്റ് അധികമായി ചോദിക്കാനുള്ള നീക്കവും പാർട്ടി തലത്തിൽ നടക്കുന്നുണ്ട്.
അതേസമയം, തിരുവല്ല സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കും കേരള കോൺഗ്രസ് വ്യക്തമായ മറുപടി നൽകി. തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന പി.ജെ. കുര്യൻ അടക്കമുള്ള നേതാക്കളുടെ ആവശ്യം പാർട്ടി ജില്ലാ കമ്മിറ്റി തള്ളി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ തന്നെയാകും തിരുവല്ലയിലെ സ്ഥാനാർത്ഥി. കുട്ടനാട് പോലുള്ള ചില സീറ്റുകളിൽ വിജയസാധ്യത പരിഗണിച്ച് കോൺഗ്രസുമായി സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിലും പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.











