
ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഇറാനിലെ റഷ്യൻ അംബാസഡർ കാസിം ജലാലി ആവശ്യപ്പെട്ടു. ആക്രമണത്തിൽ 170-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.
“യുദ്ധത്തിന് തുടക്കമിട്ടവർ അതിന് മറുപടി പറയണം. ഉണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരാണ്,” തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ജലാലി വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ഇറാന് നേരെ നടന്ന യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൻ്റെ ആദ്യ മണിക്കൂറുകളിലായിരുന്നു സ്കൂളിന് നേരെ മിസൈൽ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7 മുതൽ 12 വയസ്സ് വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനികളാണ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടരുകയാണ്. സ്കൂളിൽ പതിച്ചത് അമേരിക്കൻ മിസൈലാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ആക്രമണത്തിൻ്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും ഇറാൻ തന്നെയാണെന്നും ആദ്യം യുഎസ് വാദിച്ചിരുന്നു. എന്നാൽ, സ്കൂളിൽ പതിച്ചത് അമേരിക്കൻ സൈന്യത്തിൻ്റെ ടോമാഹോക്ക് മിസൈലാണെന്ന് ബിബിസി, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയും, യുനെസ്കോയും ഉൾപ്പെടെ സംഭവത്തെ ശക്തമായി അപലപിച്ചു.
“Those who started the war must answer for it, and the perpetrators of the Minab school massacre must not be left alone” – Russia
















