കിഷ്ത്വാറിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ വെടിയുതിർത്തു; 8 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്, തിരച്ചിൽ തുടരുന്നു

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സിംഗ്പോറ പ്രദേശത്ത് ഞായറാഴ്ച സുരക്ഷാ സേനയും ജെയ്‌ഷെ മുഹമ്മദ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു.

കിഷ്ത്വാറിലെ ചത്രൂ ബെൽറ്റിലുള്ള സിംഗ്പോരയിലെ സുന്നാർ വനമേഖലയിൽ ഞായറാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യവും പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഭീകരരുടെ വെടിയേറ്റും ഗ്രനേഡ് സ്‌ഫോടനത്തിലുമായി എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് ഭീകരർ ഈ മേഖലയിൽ മറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ട്. സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർപ്‌സ് ഈ ദൗത്യത്തിന് ‘ഓപ്പറേഷൻ ട്രാഷി-I’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും സ്നിഫർ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്. ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്. പ്രദേശത്ത് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Three Jaish-e-Mohammed terrorists open fire in Kishtwar; 8 security personnel injured, search continues

More Stories from this section

family-dental
witywide