
ന്യൂഡൽഹി: ഗാസിയാബാദിലെ ഒരു ഫ്ലാറ്റിൻ്റെ ഒൻപതാം നിലയിൽ നിന്ന് ചാടി 16 വയസ്സുകാരിയും അർദ്ധസഹോദരിമാരായ രണ്ടുപേരും മരിച്ചു. വിശിഖ(16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്.
ഇവർ ഓൺലൈൻ കൊറിയൻ ഗെയിമുകൾക്കും മൊബൈൽ ഫോണിനും വല്ലാതെ അടിമപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. ഒരു ഫോറെക്സ് വ്യാപാരിയായ പിതാവിനും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർക്കുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മൂത്ത പെൺകുട്ടി ആദ്യ ഭാര്യയിലുള്ളതും മറ്റ് രണ്ട് കുട്ടികൾ രണ്ടാമത്തെ ഭാര്യയിലുള്ളവരുമാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
“ബുധനാഴ്ച പുലർച്ചെ 12.30-ഓടെ മൂവരും അമ്മമാർക്കൊപ്പമായിരുന്നു. അല്പസമയത്തിന് ശേഷം ഇവർ പൂജാമുറിയിൽ കയറി അകത്തുനിന്ന് പൂട്ടുകയും കസേര ഉപയോഗിച്ച് ജനലിലൂടെ ഓരോരുത്തരായി താഴേക്ക് ചാടുകയുമായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വലിയ ശബ്ദം കേട്ടാണ് താഴെയുള്ള സെക്യൂരിറ്റി ഗാർഡുകളും പരിസരവാസികളും വിവരമറിയുന്നത്. തുടർന്നാണ് ഒൻപതാം നിലയിലുള്ള വീട്ടുകാർ വിവരം അറിയുന്നത്,” – അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ അതുൽ കുമാർ സിംഗ് പറയുന്നു.
പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. തങ്ങൾ ഇന്ത്യക്കാരല്ലെന്നും കൊറിയക്കാരാണെന്നും ഇവർ വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു. ഡയറിക്കുറിപ്പുകളിൽ തങ്ങളെ ‘കൊറിയൻ രാജകുമാരിമാർ’ എന്നാണ് ഇവർ വിശേഷിപ്പിച്ചിരുന്നത്. “സോറി പപ്പാ, കൊറിയയെ വിട്ടുനിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല, അതാണ് ഞങ്ങളുടെ ജീവിതം” എന്നെഴുതിയ കുറിപ്പുകളും സങ്കടപ്പെട്ടുകൊണ്ടുള്ള ചിത്രങ്ങളും ഡയറിയിൽ ഉണ്ടായിരുന്നു.
കോവിഡ് കാലത്താണ് കുട്ടികള്‍ ‘കൊറിയന്‍ ലവ്’ എന്ന ടാസ്ക് ബേസ്ഡ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. ഇതിന് അടിമപ്പെട്ടതോടെ സ്കൂളില്‍ പോകുന്നതും മുടങ്ങി. ഗെയിം കളിച്ച് അതില്‍ ഭ്രമിച്ച് പോയ കുട്ടികള്‍ പഠനത്തിൽ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. 16 വയസ്സുകാരി ഇപ്പോഴും നാലാം ക്ലാസിലാണ് പഠിച്ചിരുന്നത്. കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ തടയാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇവർ അത് വീണ്ടും കൈക്കലാക്കുമായിരുന്നു.
എപ്പോഴും ഒരുമിച്ചുതന്നെ ഇരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇവർ ബാത്റൂമിൽ പോകുമ്പോൾ പോലും ഒരുമിച്ചായിരുന്നു പോയിരുന്നത്. ഇവരുടെ വിചിത്രമായ ജീവിതരീതികളെക്കുറിച്ചും ഗെയിമിനോടുള്ള ഭ്രമത്തെക്കുറിച്ചും ഡയറിയിൽ സൂചനകളുണ്ടെന്നും പൊലീസ് പറയുന്നു. ഇങ്ങനെ പഠനം മുടക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഗെയിം കളിച്ചിരിക്കാതെ സ്കൂളില്‍ പോകണമെന്നും കുട്ടികളുടെ അമ്മ പറഞ്ഞതോടെയാണ് ജീവനൊടുക്കാന്‍ മൂവരും തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
Three sisters addicted to Korean mobile games commit suicide












