ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്ലിനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാരായ ആൺകുട്ടികൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏകദേശം 11.35ഓടെ ബേ റിഡ്ജിലെ 65-ാം സ്ട്രീറ്റിന് സമീപമുള്ള ബെൽറ്റ് പാർക്ക്വേയിലാണ് അപകടം നടന്നത്. അഞ്ച് കൗമാരക്കാരുമായി സഞ്ചരിച്ചിരുന്ന കറുത്ത നിറത്തിലുള്ള കാഡിലാക് എസ്കലേഡ് മറ്റൊരു വാഹനമായ ഹോണ്ട HR-Vയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ 16, 17, 18 വയസ്സുള്ള മൂന്ന് ആൺകുട്ടികളെ ഗുരുതരാവസ്ഥയിൽ NYU ലാംഗോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിക്കുകളെ തുടർന്ന് മൂവരും മരിച്ചതായി പൊലീസ് അറിയിച്ചു. കാഡിലാക്കിലുണ്ടായിരുന്ന മറ്റ് 16ഉം 18ഉം വയസ്സുള്ളവരെ മൈമോണിഡസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും കിഴക്കോട്ട് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കാഡിലാക് ഓടിച്ചിരുന്നത് ഇവരിൽ ആരാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹോണ്ടയിൽ 46 വയസ്സുള്ള ഡ്രൈവറും 44 വയസ്സുള്ള യാത്രക്കാരിയുമുൾപ്പെടെ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇരുവരെയും NYU ലാംഗോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Three teenagers were killed and four other people injured after two vehicles collided on the Belt Parkway in Brooklyn, New York.









