
ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില വർധന തടയാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും പ്രത്യേക അധിക എക്സൈസ് തീരുവയിൽ വലിയ കുറവാണ് വരുത്തിയിരിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 10 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിൻ്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിൻ്റേത് 10 രൂപയിൽ നിന്ന് പൂജ്യമായും കുറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതിനെത്തുടർന്നുണ്ടായ ആഘാതം കുറയ്ക്കാനാണ് ഈ നടപടി. ക്രൂഡ് ഓയിൽ വില വർധിക്കുന്നതിനാൽ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഈ നികുതി കുറവ് സഹായിക്കും. ഇത് വഴി പമ്പുകളിൽ പെട്രോൾ, ഡീസൽ വില പെട്ടെന്ന് വർധിക്കുന്നത് തടയാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ വിതരണ തടസ്സങ്ങൾ ആഗോളതലത്തിൽ എണ്ണവില 30 ശതമാനത്തിലധികം വർധിപ്പിച്ചിരുന്നു. മറ്റ് രാജ്യങ്ങളിൽ ഇന്ധനവില കുത്തനെ കൂടിയെങ്കിലും, ഇന്ത്യയിൽ നികുതി വരുമാനം വേണ്ടെന്നുവെച്ച് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടി വഴി കേന്ദ്ര സർക്കാരിന് ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ പമ്പുകളിൽ ലിറ്ററിന് വലിയ വിലക്കുറവ് പ്രതീക്ഷിക്കാനാവില്ലെങ്കിലും, അന്താരാഷ്ട്ര വിലവർധനയുടെ ആഘാതം സാധാരണക്കാരിലേക്ക് നേരിട്ടെത്തുന്നത് ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. ഇന്ധനവില നിയന്ത്രിക്കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പുതുക്കിയ നിരക്കുകൾ മാർച്ച് 27 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
ഗാർഹിക വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ധനമന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, വിമാന ഇന്ധനത്തിൻ്റെ (ATF) എക്സൈസ് തീരുവയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
To control fuel prices, the Centre has reduced excise duty on petrol and diesel.













