
പേരാമ്പ്രയിലെ വിവാദമായ വർഗീയ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് തനിക്ക് റിട്ടേണിംഗ് ഓഫീസറുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ ക്ഷുഭിതനായ അദ്ദേഹം, തങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ അത് തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദമായ തരത്തിലുള്ള യാതൊരു അനൗൺസ്മെന്റും എൽഡിഎഫ് നടത്തിയിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവർ അതിന് തെളിവ് നൽകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. എൽഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോർഡുകൾ പരിശോധനയ്ക്കായി നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രിക എളമരം കരീം ഇ.കെ. വത്സന് നൽകി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ചടങ്ങിൽ ടി.പി. രാമകൃഷ്ണൻ പത്രികയിലെ പ്രധാന നിർദ്ദേശങ്ങൾ വോട്ടർമാർക്കായി വിശദീകരിച്ചു. പേരാമ്പ്രയിലെ വോട്ടർമാർ വികസനത്തിനൊപ്പമാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
TP Ramakrishnan denies receiving RO notice over Perambra announcement row; slams attempts to disrupt peace












