പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ വ്യാപാര കരാറിൽ മോദി കീഴ്പ്പെട്ടെന്ന് ആരോപിച്ച കോൺഗ്രസ് ഈ വിഷയം ഇന്ന് പാർലമെൻ്റിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇന്നലെ പ്രഖ്യാപിച്ചത്. കരാറിന്‍റെ ഭാഗമായി ഇന്ത്യക്ക് മേലുള്ള 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാറിനെക്കുറിച്ച് തന്‍റെ എക്സ് കുറിപ്പിൽ പരാമർശിച്ചില്ല. സ്വന്തം സർക്കാരിന്റെ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്നും അദ്ദേഹം പരിഹസിച്ചു. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു.
കരസേന മുൻ മേധാവി ജനറൽ എം എം നർവാനയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പേരിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ ഉള്ളടക്കം പാർലമെന്റിൽ ഉദ്ധരിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി. പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. ബജറ്റ്, തൊഴിലുറപ്പ് പദ്ധതി, എപ്സ്റ്റീൻ ഫയൽ, എന്നീ വിഷയങ്ങൾക്കൊപ്പം ഇന്ത്യ ചൈന സംഘർഷത്തെ കുറിച്ചുള്ള ജനറൽ നർവനയുടെ പുസ്തകവും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Trade deal with the US and the book by the former Army Chief; Parliament is likely to be in turmoil today











