യുഎസുമായുള്ള വ്യാപാര കരാർ ദീർഘകാലത്തെ ക്ഷമയുടെ ഫലം – നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിൽ തീരുമാനമായതിനുപിന്നാലെ യുഎസുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ ദീർഘകാലത്തെ ക്ഷമയുടെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ചേർന്ന എൻഡിഎ പാർലമെൻ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിലേക്കെത്തിയ മോദിയെ നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് എംപിമാർ മോദിയെ വരവേറ്റത്.

താരിഫ് ചർച്ചകളെക്കുറിച്ചുള്ള വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തി. വ്യാപാര ഇടപാട് അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്‌ടിച്ചു. ആഗോള വ്യാപാര ചർച്ചകളോടുള്ള സർക്കാരിന്റെ സ്ഥിരവും അളന്നുമുള്ള സമീപനത്തെ പ്രതിഫലിക്കുന്നതാണ്. ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ഗതി ഇന്ത്യയിലേക്ക് കൂടുതൽ ചായുകയാണ്. വിവിധ ആഗോള വേദികളിൽ താൻ ഇത് പറഞ്ഞിട്ടുണ്ടന്നും പല രാജ്യങ്ങളിലും വ്യാപാര പിരിമുറുക്കങ്ങൾക്കിടയിലും ഇന്ത്യ പ്രയോജനം നേടുന്നത് ഇന്ന് നമ്മൾ കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എംപിമാരോട് പാർലമെന്റ്റിൽ പൂർണ്ണ ഹാജർ ഉറപ്പാക്കാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും മോദി അഭ്യർത്ഥിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന നേട്ടങ്ങൾ ഉയർത്തിക്കാട്ടി പൗരന്മാരെ സമീപിക്കാനും നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച വിവരം കഴിഞ്ഞ ദിവസം അറിയിച്ചത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ, യുഎസിൻ്റെ ഊർജ, സാങ്കേതിക, കാർഷിക, മേഖലയിൽനിന്ന് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങൾ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും പറഞ്ഞു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയാണെന്നും അദ്ദേഹം മഹാനായ സുഹൃത്തും കരുത്തനായ നേതാവുമാണെന്നും ട്രംപ് വ്യക്തമാക്കി.

Trade deal with US is the result of long-term patience: Narendra Modi

More Stories from this section

family-dental
witywide