പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്‌മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കോഴിക്കോട്: പത്മശ്രീ ജേതാവും കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനായ തലക്കര ചെറിയ രാമൻ എന്ന ‘ചെറുവയൽ രാമൻ’ 1952 ജൂൺ 6 ന് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലായിരുന്നു ജനിച്ചത്. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വയനാട്ടിൽ പ്രാചീനകാലം മുതൽ ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനുമായിരുന്നു. ഈ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2023ൽ റിപ്പബ്ളിക്ക് ദിനത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്ന രാമൻ്റെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. കമ്മന നവോദയ എൽ പി സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ചു. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969ൽ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്‌ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടന്ന് വെക്കുകയായിരുന്നു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.

Traditional paddy seed conserver Padma Shri Cheruvayal Raman passes away.