
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പരിശീലനം സംബന്ധിച്ച് വ്യാപകമായി പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തെക്കുറിച്ച് സൈബർ പോലീസിന് പരാതി നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലന പരിപാടികൾ ഇല്ലെന്നും ഇത് സർക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നുമാണ് ശബ്ദ സന്ദേശത്തിൽ പ്രധാനമായും പറയുന്നത്.
നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ, ഓഫ് ലൈൻ പരിശീലനപ്രവർത്തികൾ പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കായി പ്രവർത്തനമണ്ഡലത്തിൽ ഇറങ്ങുന്നത്. ഇത്തവണയും അതു തന്നെയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ആയതിനാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പ്രസ്തുത സന്ദേശത്തിനെതിരെ സൈബർ പോലീസിന് പരാതി നൽകിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ഫോമിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സർട്ടിഫിക്കേഷനായി അപേക്ഷ നൽകണം. പരസ്യം പ്രക്ഷേപിക്കാൻ നിശ്ചയിച്ച മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് അപേക്ഷയിൽ വ്യക്തമാക്കണം.










