ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൈനിക സേവന വിലക്കേർപ്പെടുത്താൻ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് യുഎസ് സൈന്യത്തിൽ സേവനം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ നയം നടപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കി 28 ട്രാൻസ്ജെൻഡർ സൈനികരെ സേനയിൽനിന്ന് പുറത്താക്കാനുള്ള നടപടികൾക്ക് അനുമതി നൽകണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം.

ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, നയത്തിനെതിരെ സൈനികർ നൽകിയ കേസ് തുടരുന്നതിനിടെ അവർക്ക് സൈന്യത്തിൽ തുടരാൻ അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭരണകൂടം അടിയന്തര ഹർജി നൽകിയത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റതിന് പിന്നാലെ ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവാണ് വിലക്കിന് തുടക്കമിട്ടത്. ട്രാൻസ്ജെൻഡർ സൈനികരെ സേനയിൽനിന്ന് നീക്കം ചെയ്യാൻ പ്രതിരോധ വകുപ്പിന് ഉത്തരവിൽ നിർദേശം നൽകിയിരുന്നു.

2025 ഫെബ്രുവരിയിൽ പ്രതിരോധ വകുപ്പ് നയം ഔദ്യോഗികമായി നടപ്പാക്കുകയും ചെയ്തു. സൈന്യത്തിൽ ആരെ സേവനത്തിന് അനുവദിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എക്സിക്യൂട്ടീവ് വിഭാഗത്തിന് വിശാലമായ അധികാരമുണ്ടെന്നും സൈനിക സജ്ജതയും കാര്യക്ഷമതയും സംബന്ധിച്ച വിഷയങ്ങളിൽ കോടതികൾ പ്രതിരോധ വകുപ്പിന്റെ തീരുമാനങ്ങളിൽ ഇടപെടരുതെന്നും ഭരണകൂടം വാദിച്ചു.

കേസ് പൂർണ വിചാരണയിലേക്ക് കടക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഇടപെടണമെന്ന് യുഎസ് സോളിസിറ്റർ ജനറൽ ഡി. ജോൺ സോവർ ആവശ്യപ്പെട്ടു. ആർമി റിസർവിലെ സെക്കൻഡ് ലെഫ്റ്റനന്റ് നിക്കോളസ് ടാൽബട്ടിന്റെ നേതൃത്വത്തിലുള്ള ട്രാൻസ്ജെൻഡർ സൈനികർ, അന്തിമ വിധിക്ക് മുമ്പ് തങ്ങളെ സൈന്യത്തിൽനിന്ന് പുറത്താക്കിയാൽ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്ന് വാദിച്ചു.

ജൂണിൽ യുഎസ് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് അപ്പീൽ കോടതി മൂന്നംഗ ബെഞ്ച് 28 സൈനികർക്കുള്ള സംരക്ഷണം തുടരാൻ ഉത്തരവിട്ടിരുന്നു. സൈനിക ആവശ്യകതയേക്കാൾ മുൻവിധിയാണ് നയത്തിന് പിന്നിലെന്ന് പ്രാഥമികമായി വ്യക്തമാകുന്നതായും കോടതി നിരീക്ഷിച്ചു. ഭരണകൂടത്തിന്റെ പുതിയ നീക്കത്തോടെ നിയമപോരാട്ടം കൂടുതൽ ശക്തമായിരിക്കുകയാണ്. 2025 മെയ് മാസത്തിൽ അടിയന്തര ഉത്തരവിലൂടെ ട്രാൻസ്ജെൻഡർ സൈനിക വിലക്ക് താൽക്കാലികമായി നടപ്പാക്കാൻ ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം അനുമതി നൽകിയിരുന്നു.

Trump admin seeks US Supreme Court nod for policy banning transgender from military service

More Stories from this section

family-dental
witywide