അമേരിക്ക വിടാൻ കുടിയേറ്റക്കാരായ കുട്ടികൾക്ക് 3,000 ഡോളർ വാഗ്ദാനം ചെയ്ത് ട്രംപ് ഭരണകൂടം

അമേരിക്കയിൽനിന്ന് സ്വമേധയാ മടങ്ങുന്ന കുടിയേറ്റക്കാരായ കുട്ടികൾക്ക് 3,000 ഡോളർ വീതം വാഗ്ദാനം ചെയ്ത് ട്രംപ് ഭരണകൂടം. അഞ്ചു വയസ്സുള്ള കുട്ടികൾക്കുപോലും പണം വാഗ്ദാനം ചെയ്യുന്ന നടപടിക്കെതിരെ കുടിയേറ്റ അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. പണം നൽകി കുട്ടികളെ കുടിയേറ്റ കേസുകൾ ഉപേക്ഷിക്കാൻ സമ്മർദത്തിലാക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. ബ്ലൂംബെർഗ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുടിയേറ്റ കോടതികളിൽ കേസുകൾ നേരിടുന്ന കുട്ടികൾക്കാണ് വാഗ്ദാനം. ചില കേസുകളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) അഭിഭാഷകരും മറ്റു ചിലതിൽ കുടിയേറ്റ ജഡ്ജിമാരുമാണ് ഇക്കാര്യം മുന്നോട്ടുവയ്ക്കുന്നത്. മാതാപിതാക്കളോ രക്ഷിതാക്കളോ കൂടെയില്ലാത്ത 14 വയസ്സും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് 2,500 ഡോളർ വാഗ്ദാനം ചെയ്തിരുന്ന പദ്ധതിയുടെ വിപുലീകരണമാണിത്. തുക 3,000 ഡോളറായി ഉയർത്തിയതിനു പുറമേ, 14 വയസ്സിൽ താഴെയുള്ള കുട്ടികളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. രാജ്യം വിടാൻ സമ്മതിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ പ്രായമാകാത്ത കുട്ടികളും ഇതിൽ ഉൾപ്പെടുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭിഭാഷകരും കോടതി നിരീക്ഷകരും കുട്ടികൾക്ക് പണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അക്കേഷ്യ സെന്റർ ഫോർ ജസ്റ്റിസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈന അബർ പറഞ്ഞു. ചില കുട്ടികൾക്ക് നിയമപ്രതിനിധികളുടെ സഹായം പോലുമില്ലാതെയാണ് വാഗ്ദാനം മുന്നോട്ടുവച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. കുട്ടികളെ സമ്മർദത്തിലാക്കി കേസുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന വലിയൊരു നീക്കത്തിന്റെ ഭാഗമാണിതെന്ന് അബർ ബ്ലൂംബെർഗ് ലോയോട് പറഞ്ഞു.

സ്വമേധയാ രാജ്യം വിടാൻ സമ്മതിക്കുന്ന കുട്ടികൾക്ക് 3,000 ഡോളർ വാഗ്ദാനം ചെയ്ത് ഐസിഇ അഭിഭാഷകരിൽനിന്ന് തങ്ങൾക്കും മറ്റു നിയമസഹായ സംഘടനകൾക്കും ഇമെയിലുകൾ ലഭിച്ചതായി വാഷിങ്ടൺ ആസ്ഥാനമായ അമിക്ക സെന്റർ ഫോർ ഇമിഗ്രന്റ് റൈറ്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ലൂക്കൻസും പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പുള്ള ആഴ്ചയിൽ 11 വയസ്സുള്ള ഒരു കുട്ടിയുടെ കേസിലും ഇത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു. പണം വാഗ്ദാനം ചെയ്ത് രാജ്യം വിടാൻ പ്രേരിപ്പിക്കുമ്പോൾ സ്വന്തം കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോകാൻ കുട്ടികൾക്ക് ന്യായമായ അവസരം ലഭിക്കുന്നുണ്ടോയെന്ന് ലൂക്കൻസ് ചോദിച്ചു.

സ്വമേധയാ രാജ്യം വിടാൻ സമ്മതിക്കുന്നത് കുട്ടികളുടെ അഭയ അപേക്ഷയെയോ മറ്റ് മാനുഷിക സംരക്ഷണം ലഭിക്കാനുള്ള സാധ്യതകളെയോ ബാധിച്ചേക്കാമെന്നാണ് അഭിഭാഷകരുടെ പ്രധാന ആശങ്ക. ഓരോ കേസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും നിയമപരമായ പ്രത്യാഘാതങ്ങൾ. അതിനാൽ, ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് കുട്ടികൾക്ക് കൃത്യമായ നിയമോപദേശം ലഭിക്കേണ്ടത് നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Trump administration offers migrant children $3,000 to voluntarily leave US; all you need to know

More Stories from this section

family-dental
witywide