എച്ച്-1ബി, ജെ-1 വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരായ നടപടി ശക്തമാക്കി ട്രംപ് ഭരണകൂടം. ഇത്തരം വിസകളുടെ ദുരുപയോഗം അമേരിക്കൻ തൊഴിലുകളെയും ദേശീയ സുരക്ഷയെയും ബാധിക്കുമെന്ന് യുഎസ് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി’എസ്പോസിറ്റോ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ഫ്രോഡ് ടാസ്ക് ഫോഴ്സ് എന്നിവരുമായി സഹകരിച്ച് സംശയാസ്പദമായ നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും തൊഴിൽ സെക്രട്ടറി കീത്ത് സോണ്ടർലിങ്ങിനൊപ്പം പ്രവർത്തിക്കുകയാണെന്ന് ഡി’എസ്പോസിറ്റോ എക്സിൽ കുറിച്ചു.
എച്ച്-1ബി, ജെ-1 വിസ തട്ടിപ്പുകൾ അമേരിക്കൻ തൊഴിലുകൾക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ അടിസ്ഥാനത്തിലുള്ള കുടിയേറ്റ പദ്ധതികളിലെ ദുരുപയോഗം അന്വേഷിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾ തുടരുമെന്ന സൂചനയാണ് പ്രസ്താവന നൽകുന്നത്. എന്നാൽ, പുതിയ അന്വേഷണത്തിനോ നടപടിക്കോ വിസ നിയന്ത്രണങ്ങൾക്കോ അദ്ദേഹം പ്രഖ്യാപനം നടത്തിയിട്ടില്ല. ഹാർവഡ്, യേൽ, സ്റ്റാൻഫഡ്, ബ്രൗൺ സർവകലാശാലകൾ, പിറ്റ്സ്ബർഗ് സർവകലാശാല, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) എന്നിവയുൾപ്പെടെ ഒൻപത് അമേരിക്കൻ സർവകലാശാലകളിലെ ജെ-1 വിസ പദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുസാധ്യതകൾ തൊഴിൽ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് അന്വേഷിച്ചുവരികയാണ്.
തൊഴിൽ ബാധ്യതകൾ മറികടക്കുന്നതിനോ നികുതിപ്പണം ഉപയോഗിച്ചുള്ള പദ്ധതികൾ ദുരുപയോഗം ചെയ്യുന്നതിനോ അമേരിക്കൻ തൊഴിലാളികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ എക്സ്ചേഞ്ച് വിസിറ്റർ പദ്ധതി ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം പരിശോധിക്കുന്നത്. ഗവേഷണം, അക്കാദമിക് പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ അംഗീകൃത എക്സ്ചേഞ്ച് പരിപാടികളിൽ പങ്കെടുക്കാൻ വിദേശികൾക്ക് അനുവദിക്കുന്നതാണ് ജെ-1 വിസ.ഫെഡറൽ ഗവേഷണ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളിലുൾപ്പെടെ അമേരിക്കൻ സർവകലാശാലകളിൽ വിദേശ ഗവേഷകരെ നിയമിക്കുന്നതും കൂടുതൽ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ, വിദേശ ഗവേഷകരുടെ സാന്നിധ്യം മാത്രം വിസ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാനാവില്ല.
പ്രത്യേക യോഗ്യതകൾ ആവശ്യമായ ജോലികളിലേക്ക് വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ അമേരിക്കൻ തൊഴിലുടമകളെ അനുവദിക്കുന്ന എച്ച്-1ബി വിസാ പദ്ധതിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിസ തട്ടിപ്പുകൾ സംശയിക്കുന്ന കേസുകളിൽ വിവിധ ഫെഡറൽ ഏജൻസികൾ ഏകോപിതമായി അന്വേഷണം നടത്തണമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തൊഴിൽ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും തൊഴിൽ, കുടിയേറ്റ നിയമങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് നടപടികളുടെ പ്രധാന ലക്ഷ്യം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൂടുതൽ അന്വേഷണങ്ങളും നടപടികളും ഉണ്ടായേക്കാം. എന്നാൽ, എച്ച്-1ബി, ജെ-1 വിസകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ഡി’എസ്പോസിറ്റോയുടെ പ്രസ്താവനയിൽ പറയുന്നില്ല.
Trump administration warns H-1B, J-1 visa fraud threatens American jobs and security













