വാഷിങ്ടൺ: അമേരിക്കയുടെ ഭൂപടത്തിൽ ഒരു സംസ്ഥാനം വിട്ടുപോയതിനെ തുടർന്ന് ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനവും പരിഹാസവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഊർജ അടിസ്ഥാനസൗകര്യ വികസനത്തിനായി വൻതുകയുടെ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് ഊർജ വകുപ്പിന്റെ (DOE) ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ച ഭൂപടം വിവാദമായത്.
അമേരിക്കയുടെ പൂർണമായ ഭൂപടമെന്ന രീതിയിൽ പങ്കുവച്ച ചിത്രത്തിൽ വെർമോണ്ട് സംസ്ഥാനം ഉൾപ്പെട്ടിരുന്നില്ല. “ആദിവാസി സമൂഹങ്ങളുടെ ഊർജ അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു. ഇത് അമേരിക്കക്കാർക്ക് ഊർജച്ചെലവ് കുറയ്ക്കാൻ സഹായിക്കും” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
പോസ്റ്റിന് പിന്നാലെ എക്സിൽ കമ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടു. “വെർമോണ്ടോ?” എന്നായിരുന്നു അതിലെ ചോദ്യം. ഭൂപടത്തിൽ സംസ്ഥാനം കാണാതായതിനെക്കുറിച്ച് നിരവധി പേർ ചോദ്യം ഉന്നയിച്ചു. ചിത്രം നിർമിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചതാകാമെന്നും ചിലർ പരിഹസിച്ചു.
“വെർമോണ്ടിന് എന്തുപറ്റി? എഐ ഉപയോഗിച്ചാണല്ലോ ഈ ഭൂപടം ഉണ്ടാക്കിയത്, അല്ലേ?” ഒരാൾ കുറിച്ചു. “ഞാൻ വെർമോണ്ടിലാണ് താമസിക്കുന്നത്. ഇത് എന്നെ വല്ലാതെ അപമാനിക്കുന്നു,” മറ്റൊരാൾ പ്രതികരിച്ചു. “എഐ മാറ്റിവച്ച് യഥാർഥ ഭൂപടം ഡൗൺലോഡ് ചെയ്യൂ,” എന്നായിരുന്നു മറ്റൊരു കമന്റ്. “അപ്പോൾ ഭൂമിശാസ്ത്രത്തിൽ നിങ്ങൾ പരാജയപ്പെട്ടു,” എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
Trump admin’s X post draws backlash over missing state on US map: ‘You failed geography’












