
ഇറാനെതിരായ സൈനിക നീക്കത്തിന്റെ ലക്ഷ്യം അവിടുത്തെ ഭരണമാറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ സൈന്യം ഉടനടി ആയുധം താഴെ വെക്കണമെന്നും ഭരണകൂടത്തെ താഴെയിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ റെവല്യൂഷനറി ഗാർഡിന് ‘കീഴടങ്ങുക അല്ലെങ്കിൽ മരണം’ എന്ന കർശനമായ അന്ത്യശാസനമാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇറാന്റെ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം വാഷിംഗ്ടണിൽ പ്രഖ്യാപിച്ചു.
ഇറാൻ അവരുടെ ആണവ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നതാണ് പെട്ടെന്നുള്ള സൈനിക നടപടിക്ക് കാരണമെന്ന് ട്രംപ് വിശദീകരിച്ചു. അമേരിക്കൻ മണ്ണിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ ഇറാൻ വികസിപ്പിക്കുന്നത് വരെ കാത്തിരിക്കാൻ സാധിക്കില്ല. ലോകത്തിനും അമേരിക്കയ്ക്കും ഭീഷണിയായ ഒരു ഭീകര ശക്തിയെ ആണവായുധം നേടാൻ അനുവദിക്കില്ലെന്നും, രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ഈ ആക്രമണമെന്നും അദ്ദേഹം ന്യായീകരിച്ചു.
ഇറാനുമായി സമാധാന കരാറിലെത്താൻ അമേരിക്ക എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇറാൻ അത് നിരാകരിക്കുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. വലിയ തോതിലുള്ള ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ സൈനിക നടപടിക്കിടെ അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ ഭീതി പടർന്നിരിക്കുകയാണ്.
Trump Aims for Regime Change in Iran; Issues ‘Surrender or Die’ Ultimatum to Iranian Forces















