വാഷിങ്ടൺ: ഗ്രീൻലൻഡിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ കടുത്ത നീക്കവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. യുഎസിൻ്റെ ശ്രമങ്ങളെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വെള്ളിയാഴ്‌ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപ് സൂചിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഗ്രീൻലൻഡ് പൂർണമായും വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ ഈ നികുതി 25 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിങ്‌ഡം, നെതർലൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളെയാണ് നികുതി ബാധിക്കുക. ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പൂർണ നിയന്ത്രണത്തിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാവില്ലെന്നാണ് ഗ്രീൻലൻഡിനെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്.
യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിൻ്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷാ താത്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ടുകൊണ്ട് ആണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഗ്രീൻലൻഡിലെ ധാതുശേഖരത്തിൽ ചൈനയ്ക്കും റഷ്യയ്ക്കും കണ്ണുണ്ടെന്നും അതിനാൽ അമേരിക്ക അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യവുമാണെന്നാണ് ട്രംപിന്റെ വാദം.
അതേസമയം യുഎസിനെതിരെ ഗ്രീൻലൻഡിൽ പ്രതിഷേധം ശക്തമാണ്. തലസ്ഥാനമായ നൂക്കിലെ തെരുവുകളിൽ യുഎസ് നീക്കത്തിനെതിരെയും സ്വയഭരണാധികാരത്തെ പിന്തുണച്ചും നൂറുകണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നിലവിൽ ഗ്രീൻലൻഡിന് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് സെനറ്റർ കൂൺസ് പറഞ്ഞു.
Trump announces 10% tariff on eight European countries for opposing U.S. control of Greenland














