ബിബിസിക്കെതിരായ മാനനഷ്ടക്കേസിൽ മൊഴി നൽകുന്നത് മാറ്റിവച്ച് ട്രംപ്; ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ തിരക്കെന്ന് വിശദീകരണം

ബിബിസിക്കെതിരെ 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ മാനനഷ്ടക്കേസിൽ മൊഴി നൽകുന്നത് മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ പ്രാധാന്യമുള്ള മറ്റ് കാര്യങ്ങളിൽ തിരക്കുള്ളതിനാൽ നിശ്ചയിച്ച ദിവസം ഹാജരാകാനാകില്ലെന്ന് ട്രംപിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. അതേസമയം, സ്വയം കേസ് നൽകിയ ട്രംപിന് മൊഴി നൽകുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബിബിസി കോടതിയെ സമീപിച്ചു.

കേസിൽ നിർണായകമായ ട്രംപിന്റെ മൊഴിയെടുപ്പിന് കൃത്യമായ തീയതി നിശ്ചയിക്കാൻ കോടതി ഇടപെടണമെന്നാണ് ബിബിസിയുടെ ആവശ്യം. ഒക്ടോബർ 16നായിരുന്നു ട്രംപിന്റെ മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ, സെപ്റ്റംബർ 28ന് അന്ന് ഹാജരാകാനാകില്ലെന്ന് ട്രംപിന്റെ അഭിഭാഷകർ ബിബിസിയെ അറിയിച്ചു. ഡിസംബർ പകുതിവരെ ട്രംപിന് മൊഴി നൽകാനാകില്ലെന്നും ജനുവരിയിലേക്ക് തീയതി മാറ്റാമെന്നും പിന്നീട് നിർദേശിച്ചു. വിഷയം അടുത്തയാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിബിസി യുഎസ് മജിസ്ട്രേറ്റ് ജഡ്ജി എൻജോലിക്കെ ലെറ്റിനെ സമീപിച്ചിട്ടുണ്ട്. കേസിൽ എട്ടുമാസത്തോളമായി തെളിവുശേഖരണം തുടരുകയാണെന്നും ബിബിസിയുടെ ഏഴ് സാക്ഷികളുടെ മൊഴിയെടുപ്പ് പൂർത്തിയായെന്നും ബിബിസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചാൾസ് ടോബിൻ കോടതിയെ അറിയിച്ചു.

തെളിവുശേഖരണത്തിന് ഇനി രണ്ടുമാസം മാത്രമാണ് ശേഷിക്കുന്നത്. എന്നിട്ടും കേസിലെ പ്രധാന വ്യക്തിയായ ട്രംപിന്റെ മൊഴിയെടുപ്പിന് തീയതി നിശ്ചയിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും മാനനഷ്ടക്കേസിൽ പരാതിക്കാരന്റെ മൊഴിയെടുപ്പ് ഏറ്റവും നിർണായകമായ തെളിവുശേഖരണമാണെന്നും ടോബിൻ പറഞ്ഞു. ജൂലൈയിൽ ഇരുപക്ഷവും ഒക്ടോബർ 16ന് മൊഴിയെടുക്കാൻ ധാരണയിലെത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ മൊഴിയെടുപ്പിന്റെ സ്ഥലവും മറ്റ് ക്രമീകരണങ്ങളും രഹസ്യമായി സൂക്ഷിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, നിശ്ചയിച്ച തീയതിക്ക് ഏതാനും ആഴ്ചകൾ മുൻപ് ട്രംപിന്റെ അഭിഭാഷകർ ധാരണയിൽനിന്ന് പിന്മാറിയെന്നാണ് ബിബിസിയുടെ ആരോപണം.

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി മാനനഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ട്രംപ് 2025 ഡിസംബറിൽ കേസ് നൽകിയത്. 2021 ജനുവരി ആറിന് എലിപ്‌സിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ബിബിസി എഡിറ്റ് ചെയ്തതിലൂടെ ക്യാപിറ്റലിലുണ്ടായ അക്രമത്തിന് ട്രംപ് നേരിട്ട് ആഹ്വാനം ചെയ്തെന്ന പ്രതീതി സൃഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതിൽ ബിബിസി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും തെറ്റായ ധാരണ സൃഷ്ടിച്ചിരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദൃശ്യങ്ങൾ കൂട്ടിച്ചേർത്തത് മനഃപൂർവമല്ലെന്നും ട്രംപിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നുമാണ് ബിബിസിയുടെ നിലപാട്.

തുടക്കത്തിൽ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട ട്രംപ്, തന്റെ ബ്രാൻഡിനും ബിസിനസുകൾക്കും സ്വത്തുക്കൾക്കും നാശമുണ്ടായെന്ന് വാദിച്ചിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ ബിബിസി ആവശ്യപ്പെട്ടതിനു പിന്നാലെ, പ്രതിച്ഛായയ്ക്കുണ്ടായെന്ന് ആരോപിക്കുന്ന നഷ്ടത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിൽ ട്രംപ് കേസ് ചുരുക്കി.

Trump cancels BBC defamation lawsuit deposition: ‘Unavailable because of matters of national importance’

More Stories from this section

family-dental
witywide