
ഇറാനെതിരെ പ്രഖ്യാപിച്ച ‘ചൊവ്വാഴ്ച’ അന്ത്യശാസനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് മാറ്റത്തിനൊരുങ്ങുന്നു. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടാകുന്ന പക്ഷം ഇറാനു നൽകിയ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് ട്രംപ് സൂചന നൽകി. പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ ലോകത്തിന് വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ ഈ മനംമാറ്റം. ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന കടുത്ത ഭീഷണി അവരെ ചർച്ചകളിൽ നിന്ന് പിന്നോട്ടുവലിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നയതന്ത്ര നീക്കങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കാൻ വൈറ്റ് ഹൗസ് ആലോചിക്കുന്നത്.
അതേസമയം, മുൻകരുതൽ നടപടിയായി ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ വൈറ്റ് ഹൗസ് ഔദ്യോഗികമായി തള്ളി. ആക്രമണമുണ്ടായാൽ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കരുതെന്ന് കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കുള്ള വാതിലുകൾ തങ്ങൾ അടച്ചിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ മേഖലയിൽ സമാധാന പ്രതീക്ഷകൾ വീണ്ടും സജീവമാകുകയാണ്.
Trump considers extending Iran deadline amid progress in peace talks













