വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര, തീരുവ നയങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്നനിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ആശംസകൾ അറിയിച്ചത്.
‘ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും അമേരിക്കയിലെ ജനങ്ങളുടെ പേരിൽ എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കംചെന്നതും വലുതുമായ രണ്ട് ജനാധിപത്യരാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ബന്ധം പങ്കുവെക്കുന്നു.’ ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും റിപ്പബ്ലിക് ദിനാശംസകൾ നേർന്നിരുന്നു. ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും, ഇന്ത്യൻ ആകാശത്ത് പറക്കുന്ന യുഎസ് നിർമ്മിത വിമാനങ്ങൾ അമേരിക്ക-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വളർച്ചയുടെ ശക്തമായ പ്രതീകമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ ‘എക്‌സി’ൽ കുറിച്ചു.
ഇന്ത്യയുടെ 2026 ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻറോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും പങ്കെടുത്തിരുന്നു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ സൈനിക ശക്തിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും ഗംഭീരമായ പ്രദർശനത്തോടെയാണ് സമാപിച്ചത്.
Trump extends Republic Day greetings, highlights historic ties between US and India












