വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസുമായി ദീർഘനേരം ഫോണിൽ സംസാരിച്ച് ട്രംപ്; ‘മികച്ച സംഭാഷണം’ എന്ന് യുഎസ് പ്രസിഡൻ്റ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ഫോണിൽ ദീർഘനേരം സംസാരിച്ചു. ജനുവരി 3-ന് യുഎസ് സൈനിക നടപടിയിലൂടെ വെനിസ്വേലൻ നേതാവ് നിക്കോളസ് മഡുറോ പുറത്താക്കപ്പെട്ടതിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ ഔദ്യോഗിക സംഭാഷണമാണിത്.

റോഡ്രിഗസുമായുള്ള സംഭാഷണത്തെ ട്രംപ് “മികച്ചതെന്ന്” (Great conversation) എന്നാണ് വിശേഷിപ്പിച്ചത്. അവർ അവിശ്വസനീയമായ ഒരു വ്യക്തിയാണെന്നും തങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എണ്ണ , ധാതുക്കൾ, വ്യാപാരം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തതായി ട്രംപ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വെനിസ്വേലയെ സുസ്ഥിരമാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നതിലൂടെ വലിയ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, ട്രംപുമായി സംസാരിച്ച വിവരം റോഡ്രിഗസും സ്ഥിരീകരിച്ചു. തന്റെ ആദ്യത്തെ ഫോൺ കോൾ “ഫലപ്രദവും മാന്യവുമായ” (Productive and courteous) ഒന്നായിരുന്നുവെന്ന് റോഡ്രിഗസ് വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ രാഷ്ട്രീയ യുഗത്തിന്റെ തുടക്കമാണിതെന്നും അവർ പ്രതികരിച്ചു.

റോഡ്രിഗസുമായുള്ള സംഭാഷണത്തിന് തൊട്ടുപിന്നാലെ, വെനിസ്വേലൻ പ്രതിപക്ഷ നേതാവും നോബൽ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോയുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ജനുവരി 3-ന് അമേരിക്കൻ സേന പിടികൂടി ന്യൂയോർക്കിലെത്തിച്ചിരുന്നു. ഇവർ ഇപ്പോൾ അവിടെ വിചാരണ നേരിടുകയാണ്. മഡുറോയുടെ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റായിരുന്ന റോഡ്രിഗസ്, അദ്ദേഹം പിടിക്കപ്പെട്ടതിന് ശേഷം ജനുവരി ആദ്യവാരം വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു.

Trump has a long phone call with Venezuela’s interim president Delcy Rodriguez.

More Stories from this section

family-dental
witywide