
വാഷിംഗ്ടൺ: താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ കടുത്ത സമ്മർദ്ദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കരാർ നിബന്ധനകൾ ഇറാൻ പൂർണ്ണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തമ്പടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുമെന്നും ശത്രുവിനെ തകർക്കാൻ ആവശ്യമായ എല്ലാ ആയുധങ്ങളും സജ്ജമാണെന്നും അദ്ദേഹം കുറിച്ചു.
ട്രംപിൻ്റെ വാക്കുകൾ: “യഥാർഥ കരാർ പൂർണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിൻ്റെ പക്കലുണ്ടാകും.”
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ കപ്പലുകളും യുദ്ധവിമാനങ്ങളും പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ്റെ പ്രകോപനപരമായ നീക്കത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന ട്രംപിൻ്റെ പ്രഖ്യാപനം പശ്ചിമേഷ്യയെ വീണ്ടും ഒരു യുദ്ധത്തിൻ്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
അതേസമയം, അമേരിക്കൻ നീക്കത്തിനെതിരെ ഇറാനും ശക്തമായി പ്രതികരിക്കുമെന്നാണ് സൂചന. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഈ പുതിയ നീക്കം വൻ തിരിച്ചടിയായിരിക്കുകയാണ്.
Trump increases pressure on Iran; Fear of war in the Gulf region again after closing the Strait of Hormuz, US troops will be stationed in the Persian Gulf region














