ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയായ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഫ്രാൻസിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘വിപ്ലവങ്ങളുടെ കാര്യത്തിൽ ഫ്രാൻസ് മിടുക്കരാണ്’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. ചൈനയിലേക്കും ജപ്പാനിലേക്കും യാത്ര പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഫ്രാൻസിനെ പരാമർശിച്ചത്. ‘ഫ്രാൻസിലേക്ക് പോയാലോ? മനോഹരമായ സ്ഥലമാണ്. കലാപങ്ങളില്ല, വിപ്ലവങ്ങളില്ല. വിപ്ലവങ്ങളുടെ കാര്യത്തിൽ ഫ്രാൻസ് വളരെ മിടുക്കരാണ്. വിശ്വസിക്കാനാകുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ശനിയാഴ്ച ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5.5 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 8 ലക്ഷം പേർ പങ്കെടുത്തെന്നാണ് സിജിടി തൊഴിലാളി യൂണിയന്റെ കണക്ക്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 1,200 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ 2018ൽ രൂപംകൊണ്ട യെല്ലോ വെസ്റ്റ്സ് പ്രസ്ഥാനം ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവച്ച ഇന്ധനനികുതി വർധന ഗ്രാമീണരെയും തൊഴിലാളിവർഗത്തെയും ബാധിക്കുമെന്ന ആശങ്കയായിരുന്നു പ്രക്ഷോഭത്തിന് കാരണം.
ഫ്രാൻസിലെ പ്രതിഷേധങ്ങളെ നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിമർശിച്ചിരുന്നു. വൈവിധ്യത്തിന്റെ പേരിൽ പാശ്ചാത്യ ലിബറലുകൾ വികസ്വര രാജ്യങ്ങളിൽനിന്നുള്ളവരെ കൂട്ടത്തോടെ കുടിയേറാൻ അനുവദിച്ചെന്നും സാമൂഹികമായ പൊരുത്തപ്പെടൽ സംബന്ധിച്ച ചോദ്യങ്ങൾ അവഗണിച്ചെന്നുമായിരുന്നു വാൻസിന്റെ ആരോപണം. ഫ്രാൻസിലെ സംഭവങ്ങളിൽനിന്ന് അമേരിക്കക്കാർ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതിനിടെ, പ്രതിഷേധങ്ങൾക്കിടെ ഫ്രാൻസിന്റെ വിവിധ നഗരങ്ങളിൽ വ്യാപക കൊള്ളയും അക്രമവും തീവയ്പും നടന്നു. പാരിസ്, മാർസെയ്, ബോർഡോ, ലില്ലെ എന്നിവിടങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കടകൾ കൊള്ളയടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ബോർഡോയിലെ ആപ്പിൾ, ലൂയി വിറ്റൺ സ്റ്റോറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Trump mocks protests as violence, clashes hit French cities: ‘France seems to be good for revolutions’











