ഇറാനെ ആക്രമിക്കുന്നതിനെതിരെ യുഎസ് ഉന്നത ജനറൽ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ വ്യോമാക്രമണത്തിൽ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരത്തിലുള്ള വാർത്തകൾ “ഫേക്ക് ന്യൂസ്” ആണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ എയർ ഫോഴ്‌സ് ജനറൽ ഡാൻ കെയ്ൻ, ഇറാനെതിരായ സൈനിക നടപടി അപകടസാധ്യതയുള്ളതാകാമെന്നും, അത് അമേരിക്കയെ ദീർഘകാല സംഘർഷത്തിലേക്ക് നയിക്കാമെന്നും മുന്നറിയിപ്പ് നൽകിയതായി ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സൈനിക നീക്കം പ്രദേശവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും, ഇറാനുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളുടെ തിരിച്ചടിക്ക് വഴിവെക്കാനും സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ട്രൂത്ത് സോഷ്യലിൽ പ്രസിദ്ധീകരിച്ച ദീർഘ കുറിപ്പിൽ ട്രംപ് ഈ വാദങ്ങൾ തള്ളി. “ജനറൽ കെയ്ൻ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാനെതിരെ സൈനിക നടപടി വേണമെന്ന തീരുമാനമുണ്ടായാൽ അത് എളുപ്പത്തിൽ ജയിക്കാവുന്നതാണെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം,” ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ നടപടി എടുക്കരുതെന്ന് ജനറൽ പറഞ്ഞിട്ടില്ലെന്നും, ‘പരിമിതമായ ആക്രമണം’ സംബന്ധിച്ചുള്ള റിപ്പോർട്ടുകളും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കാൻ സമ്മർദം ചെലുത്തുന്നതിനായി അമേരിക്ക കഴിഞ്ഞ ആഴ്ചകളിൽ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണ്. ഇത് കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ സൈനിക വിന്യാസങ്ങളിലൊന്നാണെന്നാണ് വിലയിരുത്തൽ.ഇറാനെതിരായ സൈനിക നീക്കത്തിന്റെ അപകടസാധ്യതകളെ കുറിച്ച് ജനറൽ കെയ്ൻ ഉൾപ്പെടെയുള്ള പെന്റഗൺ ഉദ്യോഗസ്ഥർ ആഭ്യന്തര യോഗങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ അടുത്ത വൃത്തങ്ങളിലുളള ചിലർ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന് ഉപദേശിച്ചതായും പറയുന്നു.

ഇതിനിടെ, അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ട്രംപിന്റെ മരുമകൻ കുഷ്നറിനൊപ്പം ഇറാനിയൻ പ്രതിനിധികളുമായി ജനീവയിൽ ചർച്ച നടത്താനിരിക്കുകയാണ്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പോലും സൈനിക ശക്തിവർധിപ്പിക്കുന്നത് തുടരുകയാണ്. ഫെബ്രുവരി 19-ന് ട്രംപ് പറഞ്ഞത്, അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇറാനുമായി കരാറിലെത്തുമോ അല്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമോ എന്ന് ലോകം അറിയുമെന്നും. “ഗൗരവമുള്ള കരാർ വേണം. ഇല്ലെങ്കിൽ ദോഷകരമായ കാര്യങ്ങൾ സംഭവിക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കൻ വിമാനവാഹിനികളും യുദ്ധക്കപ്പലുകളും ഉൾപ്പെടെ വലിയ സൈനിക വിന്യാസം പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ ശക്തിവർധനം അമേരിക്കയ്ക്ക് കൂടുതൽ സൈനിക മേൽക്കൈ നൽകുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Trump responds to reports that top US general warned against attacking Iran

More Stories from this section

family-dental
witywide