വിദ്യാഭ്യാസമല്ല, അതിർത്തികൾ തുറന്നതാണ് ഫ്രാൻസിലെ സംഘർഷങ്ങൾക്ക് കാരണം; കുടിയേറ്റത്തിനെതിരെ ട്രംപ്

ഫ്രാൻസ് അതിർത്തികൾ തുറന്നുകൊടുത്തതിനാലാണ് രാജ്യം തകരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും കുടിയേറ്റ നയങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറി നഗരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ഫ്രാൻസിൽ പൊലീസുണ്ടെങ്കിലും അവർക്ക് ജോലി ചെയ്യാൻ അനുവാദമില്ല. സ്വന്തം രാജ്യത്തെ വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ഫ്രാൻസ് ഇപ്പോൾ തകരാൻ കാരണം. അവർ ഫ്രാൻസിനെയും ഫ്രഞ്ച് ജനതയെയും വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി അമേരിക്കയുടെ കുടിയേറ്റ നയങ്ങളെയും ട്രംപ് ന്യായീകരിച്ചു. അമേരിക്കൻ സെനറ്റർ ജോൺ ഒസോഫിനെ വിമർശിച്ച അദ്ദേഹം, അമേരിക്കൻ വിരുദ്ധരായ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ഒസോഫ് ആഗ്രഹിക്കുന്നതെന്ന് ആരോപിച്ചു. അമേരിക്കൻ നാഗരികതയെ കൊള്ളയടിക്കാനുള്ള ലക്ഷ്യമായി കാണുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയശേഷം 3 ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ് എന്നിവയുൾപ്പെടെ എട്ട് കമ്പനികളുടെ ചില ഗ്രീൻ കാർഡ് അപേക്ഷാ നടപടികൾ കഴിഞ്ഞ മാസം ഭരണകൂടം മരവിപ്പിച്ചിരുന്നു. അമേരിക്കൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നുവെന്ന ആശങ്കയും തട്ടിപ്പ് ആരോപണങ്ങളും ചൂണ്ടിക്കാട്ടി ഒൻപത് പ്രമുഖ സർവകലാശാലകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം, ജീവിതച്ചെലവ് വർധിക്കുന്നതിലും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ധനസഹായം കുറയുന്നതിലും പ്രതിഷേധിച്ചാണ് ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്. പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയതോടെ പലയിടങ്ങളിലും സംഘർഷമുണ്ടായി. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധങ്ങൾ ശനിയാഴ്ച രാത്രി പാരിസിൽ അക്രമാസക്തമായതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കലാപവിരുദ്ധ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്തു.

ലിയോൺ, ലില്ലെ, മാർസെയ്, മോണ്ട്പെലിയർ, നാന്ത്, ടുലൂസ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും സംഘർഷം വ്യാപിച്ചു. രാജ്യത്തുടനീളം ഏകദേശം 4.10 ലക്ഷം പേർ പ്രതിഷേധ റാലികളിൽ പങ്കെടുത്തെന്നാണ് ഫ്രഞ്ച് സർക്കാർ അറിയിച്ചത്. എന്നാൽ, പങ്കെടുത്തവരുടെ എണ്ണം എട്ടു ലക്ഷത്തോളമാണെന്നാണ് സംഘാടകരുടെ കണക്ക്. ഇതുവരെ നൂറോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ലോറൻ നുനെസ് അറിയിച്ചു.

Trump says France ‘burning down’ because it opens borders to people ‘who hate it’; claims protests not related to education

More Stories from this section

family-dental
witywide