
ഇറാനെതിരായ സംയുക്ത സൈനിക നീക്കം നാലാം ദിവസവും അതിശക്തമായി തുടരുന്നതിനിടെ, അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ചർച്ചകൾക്കുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇപ്പോൾ സംസാരിച്ചിട്ട് കാര്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും നാവിക-വ്യോമ സേനകളും പൂർണ്ണമായും തകർന്നടിഞ്ഞതായും അവരുടെ നേതൃത്വം ദുർബലമായതായും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇറാൻ നേതൃത്വവുമായി സംസാരിക്കാൻ തയ്യാറാണെന്ന് ട്രംപ് ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. അന്ന് ഇറാൻ ചർച്ചകൾക്കായി സമീപിച്ചപ്പോൾ താൻ സമ്മതം മൂളിയതാണെന്നും എന്നാൽ വരുംദിവസങ്ങളിൽ അവർ നിലപാട് മാറ്റിയതാണ് സ്ഥിതി വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞ ഈ സാഹചര്യത്തിൽ നയതന്ത്ര നീക്കങ്ങളേക്കാൾ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനാണ് അമേരിക്ക ഇപ്പോൾ മുൻഗണന നൽകുന്നത്.
സൈനിക നടപടികൾക്ക് മുന്നോടിയായി അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് റൗണ്ട് ചർച്ചകൾ നടന്നിരുന്നു. ജനീവയിൽ വെച്ച് നടന്ന അവസാനഘട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം അതിശക്തമായ സൈനിക നീക്കങ്ങളിലേക്ക് കടന്നത്. നിലവിൽ ഇറാന്റെ പ്രധാന പ്രതിരോധ കേന്ദ്രങ്ങൾ തകർത്തതായും ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. മേഖലയിൽ സംഘർഷം പടരുന്നതിനിടെ അമേരിക്ക സ്വീകരിക്കുന്ന ഈ കർക്കശ നിലപാട് ഏറെ നിർണ്ണായകമാണ്.
Trump Says Iran Wants to Talk but It’s ‘Too Late’ as US Strikes Enter Fourth Day














