കീവ് ഉൾപ്പെടെയുള്ള യുക്രേനിയൻ നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ; തൻ്റെ ആവശ്യം പുടിൻ അംഗീകരിച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ: യുക്രേനിയൻ നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് മിസൈൽ ആക്രമണങ്ങൾ നടത്തരുതെന്ന തൻ്റെ ആവശ്യം റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ അംഗീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.

യുക്രയ്നിൽ നിലവിലുള്ള അതിശൈത്യം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു. കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണം ഉണ്ടാവില്ലെന്നാണ് ട്രംപിൻ്റെ അവകാശവാദം.

അതേസമയം, പുതിൻ തൻ്റെ ആവശ്യം അംഗീകരിച്ചതായി ട്രംപ് പറഞ്ഞെങ്കിലും, റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ട്രംപിൻ്റെ ഈ പ്രഖ്യാപനത്തെ യുക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി സ്വാഗതം ചെയ്തു. ഈ താൽക്കാലിക വെടിനിർത്തൽ യുക്രെയ്നിലെ ഊർജ്ജ സംവിധാനങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

‘മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപനഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കണമെന്ന് ഞാൻ പുതിനോട് നേരിട്ട് അഭ്യർഥിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതിച്ചു. പുതിനെ വിളിക്കുന്ന ഫോൺകോൾ പാഴാക്കേണ്ടെന്നും അത് നടക്കാൻ പോകില്ലെന്നും നിരവധിപേർ പറഞ്ഞു. എന്നാൽ, അദ്ദേഹം അത് ചെയ്തു’, യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിർത്തൽ കരാറാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

ജനുവരി അവസാന വാരത്തിൽ യുക്രയ്നിൽ താപനില -20 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോകാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മാനുഷിക ഇടപെടൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Trump says Putin has accepted his request for a week-long ceasefire in Ukrainian cities including Kyiv

Also Read

More Stories from this section

family-dental
witywide