ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴയുള്ള കപ്പൽ സഞ്ചാരം തടയാൻ ശ്രമിക്കരുതെന്നും അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. തന്റെ നിർദ്ദേശപ്രകാരം United States Central Command (CENTCOM) മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് നടത്തിയത്. ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും പൂർണ്ണമായി നശിപ്പിച്ചതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
എന്നാൽ ദ്വീപിലെ എണ്ണ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കാതിരിക്കാനാണ് താൻ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ തന്നെയാണ് നടക്കുന്നത്. ഈ ദ്വീപ് ഹോർമുസ് കടലിടുക്കിന്റെ വടക്കുപടിഞ്ഞാറായി ഏകദേശം 483 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ഗതാഗതത്തെ ആരെങ്കിലും തടസപ്പെടുത്തുകയാണെങ്കിൽ താൻ എടുത്ത തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ മിഡിൽ ഈസ്റ്റിലേക്ക് അമേരിക്ക അധിക സൈനിക ശക്തി വിന്യസിക്കുകയാണ്. ഏകദേശം 2,500 മാരീനുകളും മൂന്ന് യുദ്ധക്കപ്പലുകളും ഇതിനായി മേഖലയിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുഎസ് ഉടൻ നാവികസേനയെ വിന്യസിച്ച് ടാങ്കറുകളെ എസ്കോർട്ട് ചെയ്യാൻ തുടങ്ങുമെന്ന് ട്രംപ് അറിയിച്ചു. ഇറാൻ കപ്പൽഗതാഗതത്തിനെതിരെ നടത്തുന്ന ആക്രമണങ്ങൾ “അവസാന ശ്രമം” മാത്രമാണെന്നും അടുത്ത ഒരു ആഴ്ചയിൽ ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇറാന്റെ പുതിയ സുപ്രീം ലീഡർ മോജ്തബ ഖമേനി ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചിടാൻ ഇറാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കി. ഇറാന്റെ തീരത്തുനിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദിവസേന ഏകദേശം 7 മില്യൺ ബാരൽ വരെ എണ്ണ ലോഡ് ചെയ്യാനുള്ള ശേഷിയുള്ള വലിയ കയറ്റുമതി കേന്ദ്രമാണിത്. യുദ്ധം ആരംഭിച്ചതിന് ശേഷം രണ്ടാമത്തെ ആഴ്ചവരെ ഈ ദ്വീപ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് ഒഴിവായിരുന്നു. എന്നാൽ സംഘർഷം ആരംഭിച്ചതുമുതൽ തന്നെ ഈ ദ്വീപ് ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ട പ്രധാന ലക്ഷ്യമായിരുന്നു.
Trump says US attacked Kharg Island, known as Iran’s ‘crown jewel’; warns Tehran against Hormuz blockade










