ഹാർവാർഡുമായി ഉടക്കിത്തന്നെ, 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്; പ്രസിഡൻ്റിനെ പെട്ടെന്ന് ചൊടിപ്പിച്ചത് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടോ?

വാഷിംഗ്ടൺ: ഹാർവാർഡ് സർവ്വകലാശാലയുമായുള്ള തർക്കം തുടരുന്നതിനിടയിൽ, സ്ഥാപനത്തിൽ നിന്ന് 1 ബില്യൺ ഡോളർ (ഏകദേശം 8,300 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സർവ്വകലാശാലയുമായുള്ള ചർച്ചകളിൽ 200 മില്യൺ ഡോളർ ആവശ്യപ്പെട്ട നീക്കത്തിൽ നിന്ന് ട്രംപ് ഭരണകൂടത്തിന് പിന്മാറേണ്ടി വന്നുവെന്ന ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടിന് പിന്നാലെയാണ് ഈ പുതിയ നീക്കം. തിങ്കളാഴ്ച വൈകിട്ട് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന് തെറ്റായ വിവരങ്ങൾ നൽകുന്നത് ഹാർവാർഡ് ആണെന്നാണ് ട്രംപിൻ്റെ കുറ്റപ്പെടുത്തൽ.

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കിടയിൽ ക്യാമ്പസിലെ ജൂത വിരുദ്ധത തടയാൻ ഹാർവാർഡ് പരാജയപ്പെട്ടുവെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. എന്നാൽ ഹാർവാർഡ് ഈ ആരോപണം പാടേ നിഷേധിക്കുന്നുണ്ട്. അമേരിക്കൻ ക്യാമ്പസുകളിലെ ഇടത് ചിന്താഗതികൾക്കെതിരെ വൈറ്റ് ഹൗസ് നടത്തുന്ന പോരാട്ടത്തിന്റെ പ്രധാന ലക്ഷ്യമാണ് ഹാർവാർഡ്.

കഴിഞ്ഞ ഏപ്രിലിൽ ഹാർവാർഡിനുള്ള ഏകദേശം 2 ബില്യൺ ഡോളറിൻ്റെ ഗവേഷണ ഗ്രാൻ്റുകളും ഫെഡറൽ ഫണ്ടിംഗും ട്രംപ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഹാർവാർഡ് കോടതിയെ സമീപിക്കുകയും, സർവ്വകലാശാലയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതി അനുകൂല വിധി നൽകുകയും ചെയ്തിരുന്നു. ഇത് ഭരണകൂടത്തിന് വലിയ തിരിച്ചടിയായിരുന്നു. കോടതി വിധിയെ ഉടൻ ചോദ്യം ചെയ്യുമെന്നും ഹാർവാർഡ് ഭാവിയിൽ ഗ്രാന്റുകൾക്ക് അർഹരല്ലെന്നുമാണ് വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചത്.

തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിന് മുൻപ്, ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാരും ഹാർവാർഡും ചർച്ചയിലായിരുന്നു. എന്നാൽ പുതിയ പോസ്റ്റിൽ “ഞങ്ങൾ ഇപ്പോൾ ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. ഭാവിയിൽ ഹാർവാർഡ് സർവ്വകലാശാലയുമായി യാതൊരു ബന്ധവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” എന്നാണ് ട്രംപ് പറയുന്നത്.

ഹാർവാർഡ് ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയെന്ന് ട്രംപ് ആരോപിച്ചെങ്കിലും അവ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹാർവാർഡിൻ്റെ നികുതി ഇളവുകൾ റദ്ദാക്കുമെന്നും സർവ്വകലാശാലയുടെ പേറ്റന്റുകൾ ഏറ്റെടുക്കുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, കൊളംബിയ, പെൻ, ബ്രൗൺ തുടങ്ങിയ മറ്റ് പ്രമുഖ സർവ്വകലാശാലകൾ നിയമപോരാട്ടത്തിന് നിൽക്കാതെ ട്രംപ് ഭരണകൂടവുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ഹാർവാർഡ് നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

Trump seeks $1 billion in damages from Harvard; Was the New York Times report the one that suddenly angered the president?

More Stories from this section

family-dental
witywide