തുറുപ്പുചീട്ടുമായി ട്രംപ് ; ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്തുന്നു

വാഷിങ്ടൺ: അമേരിക്കയുടെ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പുതിയ തീരുവകൾ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കവെ ഇത്തരത്തിൽ തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ട്രംപ് സൂചിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രീൻലാൻഡ് പദ്ധതിയിൽ സഹകരിച്ചില്ലെങ്കിൽ, ഞാൻ ആ രാജ്യങ്ങൾക്ക് തീരുവ ചുമത്തിയേക്കാം. കാരണം ദേശീയ സുരക്ഷയ്ക്ക് നമുക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മരുന്നുവില കുറയ്ക്കുന്നതിനുള്ള ഒരു പദ്ധതിയിൽ മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കാൻ തീരുവ ഉപയോഗിച്ചതായും ട്രംപ് പറഞ്ഞു.

ഇക്കാര്യം വിശദീകരിച്ചപ്പോഴാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കൽ പദ്ധതിക്കും തീരുവ ഉപയോഗപ്പെടുത്താൻ താൻ ഒരുങ്ങുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്. എന്നാൽ, ഈ നീക്കത്തിൽ ഏതൊക്കെ രാജ്യങ്ങളെ ലക്ഷ്യമിടാം എന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഏത് അധികാരം ഉപയോഗിക്കുമെന്നതിനെക്കുറിച്ചോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിന് സൈനിക നടപടികളടക്കം ട്രംപ് ആലോചിക്കുന്നതായി നേരത്തെ വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.

ലോകത്തിലെ ഈ ഏറ്റവും വലിയ ദ്വീപിൻ്റെ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പൂർണ്ണ നിയന്ത്രണത്തിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കാനാവില്ലെന്നാണ് ഈ ആഴ്ചയും ഗ്രീൻലാൻഡിനെ കുറിച്ച് ട്രംപ് പറഞ്ഞത്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ നിറവേറ്റുമെന്നും പ്രതിരോധ കൂട്ടുകെട്ട് ശക്തിപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊണ്ടാണ് ട്രംപ് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.

അതേസമയം, യുഎസിന്റെ നാറ്റോ സഖ്യകക്ഷികൂടിയായ ഡെന്മാർക്കിന്റെ്റെ നിയന്ത്രണത്തിലുള്ള ആർട്ടിക് ഭൂപ്രദേശമാണ് ഗ്രീൻലാൻഡ്. എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നിവയുൾപ്പെടെ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. വടക്കേ അമേരിക്കയ്ക്കും ആർട്ടിക് മേഖലയ്ക്കും ഇടയിലുള്ള ഈ പ്രദേശം മിസൈൽ മുന്നറിയിപ്പ് സംവിധാനങ്ങൾക്കും ഈ മേഖലയിലെ കപ്പലുകൾ നിരീക്ഷിക്കുന്നതിനും അനുയോജ്യമാണെന്നാണ് യുഎസിന്റെ വാദം.

ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള യുഎസിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കിനെ കൂടാതെ നിരവധി യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നിവയെല്ലാം ഈ ആഴ്‌ച ദ്വീപിലേക്ക് സൈനികരെ വിന്യസിക്കും. ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൂക്കിൽ കാനഡയും ഫ്രാൻസും കോൺസുലേറ്റുകൾ തുറക്കും. ഗ്രീൻലാൻഡിനെതിരായ ആക്രമണം നാറ്റോയുടെ അവസാനമായി കണക്കാക്കുമെന്ന് ഡെന്മാർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Trump threatens new tariffs on countries opposed to Greenland takeover

More Stories from this section

family-dental
witywide