സൈനിക കരുത്തിൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് തുറക്കുമെന്ന് ട്രംപിന്‍റെ പ്രഖ്യാപനം; ചൈനയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യുദ്ധക്കപ്പലുകളെ അയക്കാൻ ആഹ്വാനം

പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്നതിനിടെ, ലോകത്തിന്റെ പ്രധാന എണ്ണവിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയെയും മറ്റ് രാജ്യങ്ങളെയും ബാധിക്കുന്ന ഇറാൻ ഉപരോധം തകർക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും പാത സുരക്ഷിതമാക്കാനും അമേരിക്കൻ നാവികസേന നേരിട്ട് ടാങ്കറുകൾക്ക് അകമ്പടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് മേഖലയിൽ ഇറാൻ നടത്തിവരുന്ന സൈനിക ഇടപെടലുകളെയും ഖനികൾ വിന്യസിക്കുന്നതിനെയും അമേരിക്ക ഗൗരവമായാണ് കാണുന്നത്. ഇറാന്റെ എണ്ണ ഉൽപാദന കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, പശ്ചിമേഷ്യയിൽ കരയുദ്ധത്തിന്റെ സൂചന നൽകിക്കൊണ്ട് 2500 യുഎസ് മറീനുകളെ മേഖലയിലേക്ക് വിന്യസിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം ആരംഭിച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള സൈനിക താവളത്തിൽ നിന്നാണ് അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള സൈനിക സംഘം പുറപ്പെട്ടിരിക്കുന്നത്.

ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം രണ്ടാഴ്ച പിന്നിടുമ്പോഴും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. എന്നാൽ ഇന്ത്യയ്ക്ക് ആശ്വാസമായി, പാചകവാതകവുമായി വന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ പ്രത്യേക ഇളവ് അനുവദിച്ചു. ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ കർശന നിരീക്ഷണത്തിലാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും സമാധാനപരമായ പ്രശ്നപരിഹാരത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Trump Vows to Reopen Strait of Hormuz; International Warships to Join US to Secure Oil Route

More Stories from this section

family-dental
witywide