‘ധാരണയിലെത്തിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അടിയന്തരമായി നയതന്ത്ര ധാരണയിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണിൽ തന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകുകയാണെങ്കിൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ‘മോശമായ പലതും സംഭവിക്കുമെന്നും’ ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ ഒരു തീരുമാനമുണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ചർച്ചകൾക്കായി ട്രംപ് തന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫിനെയും ജാരെഡ് കുഷ്നറെയും ജനീവയിലേക്ക് അയച്ചിട്ടുണ്ട്. ഇറാന്റെ ആണവ ശേഷി കുറയ്ക്കുന്നതിനും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ചർച്ചകൾ നടക്കുന്നത്. ചർച്ചകളിലൂടെ ഗുണപരമായ ഒരു പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അത് ഇറാനെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചതായും റിപ്പോർട്ടുകളുണ്ട്.

മുൻപ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെക്കുറിച്ചും (ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ) ട്രംപ് പരാമർശിച്ചു. ആദ്യമേ ഒരു കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിൽ ഇറാന് ഈ നാശനഷ്ടങ്ങൾ സംഭവിക്കില്ലായിരുന്നുവെന്നും ഇപ്പോഴത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ അത് ഇറാന് ഏറെ ‘ട്രോമാറ്റിക്’ ആയിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിലെ ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വൈറ്റ് ഹൗസ്.

Trump Warns Iran to Make a Meaningful Deal or Face ‘Bad Things’; US Military Build-up in Middle East

More Stories from this section

family-dental
witywide