‘ലോക്ക്ഡ് ആൻഡ് ലോഡഡ്’! ഇറാന് കനത്ത മുന്നറിയിപ്പുമായി ട്രംപ്, ‘പ്രതിഷേധക്കാരെ വെടിവച്ചാൽ അമേരിക്ക ഇടപെടും’

ഇറാനിൽ വിലക്കയറ്റത്തിനും മോശം സാമ്പത്തികാവസ്ഥയ്ക്കുമെതിരെ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തിന് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ വെടിവച്ചു കൊന്നാൽ അമേരിക്ക ശക്തമായി ഇടപെടുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. “സമാധാനപരമായ പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുക എന്നത് ഇറാന്റെ രീതിയാണ്, എന്നാൽ ഇത്തവണ അവർ അങ്ങനെ ചെയ്താൽ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും,” ട്രംപ് കുറിച്ചു.

അമേരിക്കൻ സൈന്യം ഏത് നിമിഷവും നടപടിക്ക് സജ്ജമാണെന്ന് സൂചിപ്പിക്കുന്ന ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ (Locked and Loaded) എന്ന പ്രയോഗമാണ് ട്രംപ് നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങളിൽ ഇതിനോടകം തന്നെ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും മൂലം ജനങ്ങൾ വലിയ ദുരിതത്തിലാണ്. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഖ്വാം (Qom) ഉൾപ്പെടെയുള്ള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഇറാൻ ഭരണകൂടം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകി. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ അശാന്തി പടർത്താൻ ശ്രമിക്കുകയാണെന്നാണ് ഇറാന്റെ ആരോപണം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങളെ തെരുവിലിറക്കിയതെന്ന് വ്യക്തമായതോടെ ഇറാൻ സർക്കാർ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.

More Stories from this section

family-dental
witywide