ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാം, ആ രാത്രി നാളെയായേക്കാം; വെടിനിർത്തൽ തള്ളിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ‘ഹോർമുസ് അന്ത്യശാസനം നാളെ അവസാനിക്കും’

അമേരിക്ക മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ അതീവ ഗൗരവകരമായ സൈനിക മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ആ രാത്രി ചിലപ്പോൾ നാളെയായേക്കാമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനം നാളെ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുൻകൈ എടുത്ത ‘ഇസ്ലാമാബാദ് അക്കോർഡ്‌സ്’ എന്ന നയതന്ത്ര പദ്ധതിയാണ് ഇറാൻ തള്ളിക്കളഞ്ഞത്. 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്നാണ് ഇറാന്റെ നിലപാട്. തങ്ങൾ മുന്നോട്ടുവെച്ച ഉപാധികളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ട്രംപ് പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

നയതന്ത്ര പരിഹാരങ്ങൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്. അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഹോർമൂസ് കടലിടുക്കിലടക്കം യുദ്ധഭീതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ പോര് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ ഏത് നിമിഷവും ഒരു വൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Trump warns to eliminate Iran in one night as ceasefire talks fail; ultimatum ends tomorrow

More Stories from this section

family-dental
witywide