
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താൻ വീക്ഷിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയും ഭാര്യയും നിലവിൽ അമേരിക്കൻ യുദ്ധക്കപ്പലിലാണെന്നും ഇവരെ വിചാരണയ്ക്കായി ഉടൻ തന്നെ ന്യൂയോർക്കിലേക്ക് എത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അതീവ രഹസ്യമായി നടന്ന സൈനിക നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടത്.
ഹെലികോപ്റ്റർ മാർഗ്ഗമാണ് മഡുറോയെയും സംഘത്തെയും യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. അതീവ സങ്കീർണ്ണമായ ഈ കമാൻഡോ ഓപ്പറേഷനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ട്രംപ് അറിയിച്ചു. മഡുറോയോട് കീഴടങ്ങാൻ ഒരാഴ്ച മുൻപ് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, സമാധാനപരമായി അധികാരം ഒഴിയാനുള്ള നിർദ്ദേശം അദ്ദേഹം നിരസിച്ചതോടെയാണ് സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മഡുറോയെയും ഭാര്യയെയും പിടികൂടി വെനസ്വലയിൽ നിന്ന് നാടുകടത്തിയെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ആദ്യം അറിയിച്ചത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കയുടെ ആക്രമണം തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തെയാകെ ഞെട്ടിച്ച ഈ ആക്രമണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
മഡുറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരിക്കടത്ത്, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങളിൽ ന്യൂയോർക്കിലെ കോടതിയിലാകും വിചാരണ നടപടികൾ നടക്കുക. മഡുറോയുടെ അറസ്റ്റോടെ ദക്ഷിണ അമേരിക്കൻ മേഖലയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.














