പാം ബീച്ച് (ഫ്ലോറിഡ, യുഎസ്): വെനസ്വേലയെ കീഴടക്കിയത് വാർത്ത സമ്മേളനത്തിൽ വിവരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ് എന്നു പേരിട്ട സൈനിക നടപടിക്കായി മദൂറോയുടെ വസതിയുടെ മാതൃക നിർമിച്ച് ഡെൽറ്റ ഫോഴ്സ് മാസങ്ങളോളം പരിശീലനം നടത്തി. അതീവസുരക്ഷ ഉറപ്പാക്കി സ്‌ഥാപിച്ച ലോഹവാതിലുകൾ തകർത്ത് ഉള്ളിൽ പ്രവേശിക്കുന്നതിൻ്റെ രീതിയുൾപ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്‌റ്റ് മുതൽ വെനസ്വേലയിലുണ്ടായിരുന്നു. മദൂറോയുടെ ദിനചര്യ, നീക്കങ്ങൾ എന്നിവയെല്ലാം പഠിച്ചു. ഓഗസ്‌റ്റ് മുതൽ ആസൂത്രണ ചെയ്ത ആക്രമണം നീണ്ടു നിന്നത് 30 മിനിറ്റാണ്.
യുഎസ് സേനകൾ സംയുക്‌തമായി നടത്തിയ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങളും നടപടികളും നാടകീയ നിമിഷങ്ങളും വിവരിച്ചുള്ള വാർത്താസമ്മേളനത്തിൽ സൈന്യം എത്തിയപ്പോൾ മദൂറോ എന്തു ചെയ്തെന്ന ചോദ്യത്തിന് നിക്കൊളാസ് മദൂറോയുടെ കാരക്കസിലെ വസതി യുഎസ് സൈന്യം വളയുമ്പോൾ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും ഭാര്യയുമെന്നും ട്രംപ് വ്യക്തമാക്കി. മദൂറോ വാതിലിന് അരികെ വരെയെത്തി. പക്ഷേ ആ വാതിൽ അടയ്ക്കാൻ കഴിയും മുൻപേ സൈന്യം വളഞ്ഞു. മദൂറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്നും ട്രംപ് മറുപടി പറഞ്ഞു.
അതേസമയം, ദൗത്യത്തിന് 4 ദിവസം മുൻപേ ട്രംപ് അനുമതി നൽകിയെങ്കിലും മേഘങ്ങളൊഴിഞ്ഞ നല്ല കാലാവസ്ഥയ്ക്കായി അല്‌പം കൂടി കാത്തിരിക്കാനായിരുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം. അങ്ങനെ മാറ്റി വച്ച ദൗത്യം ഒടുവിൽ വിജയകരമായി നടപ്പാക്കിയത് ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിക്കാണ്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ ട്രംപും സംഘവും ആ ദൗത്യം തത്സമയം കാണുകയും ചെയ്തു.
Trump with full planning; The attack, planned since August, lasted 30 minutes, and at 2 a.m. Maduro was overpowered by the U.S.













