ഇറാൻ ബന്ധത്തിന് ട്രംപിന്റെ ‘പിഴത്തീരുവ’; ഇന്ത്യൻ കയറ്റുമതി തകരുമെന്ന് ശശി തരൂർ; പാകിസ്ഥാനിലെയടക്കം സാഹചര്യം ചൂണ്ടിക്കാട്ടി വിമർശനം

ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക നികുതി (താരിഫ്) ഇന്ത്യൻ കയറ്റുമതി മേഖലയെ തകർക്കുമെന്ന് ശശി തരൂർ എംപി. ഇറാൻ വിഷയത്തിൽ 25 ശതമാനം കൂടി അധിക തീരുവ ചുമത്തിയാൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ആകെ 75 ശതമാനം വരെ നികുതി നൽകേണ്ടി വരും. ഇത്രയും വലിയ തുക നൽകി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഒരു ഇന്ത്യൻ കമ്പനിക്കും ലാഭകരമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ പ്രധാന എതിരാളികളായ പാകിസ്ഥാൻ, വിയറ്റ്നാം, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് 15 മുതൽ 19 ശതമാനം വരെ മാത്രമാണ് നികുതിയുള്ളത്. നേരത്തെ തന്നെ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം നികുതി വലിയ പ്രതിസന്ധിയായിരുന്നു. ഇതിന് പിന്നാലെ റഷ്യൻ ബന്ധത്തിന്റെ പേരിൽ 25 ശതമാനവും ഇപ്പോൾ ഇറാന്റെ പേരിൽ വീണ്ടും 25 ശതമാനവും ചേർത്തതോടെയാണ് നികുതി ഭാരം 75 ശതമാനത്തിലേക്ക് ഉയർന്നത്. ഇത് ഇന്ത്യൻ വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് തരൂർ പറഞ്ഞു.

മരുന്നുകൾ (ഫാർമസ്യൂട്ടിക്കൽസ്) പോലുള്ള ചില ഉൽപ്പന്നങ്ങളെ നിലവിൽ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതി ഇനങ്ങളെ പുതിയ തീരുവ സാരമായി ബാധിക്കും. നിലവിലെ സാഹചര്യം അതീവ ഗൗരവകരമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide