
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആക്രമണ ഭീഷണി നിലനിൽക്കെ, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ 37 വർഷമായി മുടങ്ങാതെ നടത്തിവന്നിരുന്ന ഒരു പ്രധാന സൈനിക ആചാരം ആദ്യമായി ഒഴിവാക്കിയതായി റിപ്പോർട്ട്. ഞായറാഴ്ച ഇറാൻ്റെ എയർഫോഴ്സ് കമാൻഡർമാരുമായി അദ്ദേഹം നടത്താറുള്ള വാർഷിക കൂടിക്കാഴ്ചയാണ് ഇത്തവണ ലംഘിക്കപ്പെട്ടത്.
1979 ഫെബ്രുവരി 8-ന് എയർഫോഴ്സ് ഉദ്യോഗസ്ഥർ ആയത്തുള്ള ഖമേനിയോട് കൂറുപ്രഖ്യാപിച്ചതിൻ്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ കൂടിക്കാഴ്ച നടക്കുന്നത്. 1989-ൽ അധികാരമേറ്റത് മുതൽ കോവിഡ് കാലത്ത് പോലും ഖമേനി ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നിട്ടില്ല.
ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് വൻ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഖമേനി ഇത്തവണ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. ഖമേനിക്ക് പകരം ഇറാൻ സായുധ സേനാ മേധാവി അബ്ദുറഹിം മൂസവിയാണ് ഇത്തവണ കമാൻഡർമാരെ കണ്ടത്. ജനുവരിയിൽ നടക്കേണ്ടിയിരുന്ന തൻ്റെ വെള്ളിയാഴ്ച പ്രഭാഷണവും (Friday Sermon) സുരക്ഷാ കാരണങ്ങളാൽ ഖമേനി ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്ക ആക്രമണം നടത്തിയാൽ അത് ഒരു മേഖലാ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഖമേനി ഈ മാസമാദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായും സൂചനകളുണ്ട്.
Trump’s ‘threat’: Khamenei has broken the tradition that has been going on for 37 years.















