വിശ്വാസമാണ് ഇന്ത്യയുടെ ഏറ്റവും ശക്തമായ നാണയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വിശ്വാസമാണ് ഇന്ത്യയുടെ ഏറ്റവും ശക്തമായ നാണയമെന്നും ഇന്ത്യയെ ഇന്ന് വളർച്ചയ്ക്കുള്ള വിശ്വസ്ത പങ്കാളിയായി ലോകം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നടന്ന സമൂഹ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ വ്യാപാര കരാറുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അമേരിക്ക, യുകെ എന്നിവയുമായി ഇന്ത്യ ഒപ്പുവച്ച വ്യാപാര കരാറുകളും യൂറോപ്യൻ യൂണിയനുമായുള്ള വലിയ കരാറും ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും മലേഷ്യയും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്ന ജീവിക്കുന്ന പാലമാണ് ഇന്ത്യൻ പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു. മലേഷ്യയിൽ ഏകദേശം 30 ലക്ഷം ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ട്. ഇത് ലോകത്ത് രണ്ടാമത്തെ വലിയ ഇന്ത്യൻ പ്രവാസ സമൂഹമാണ്. ഇതിൽ ഭൂരിഭാഗവും തമിഴ് വംശജരാണ്.

പ്രസംഗത്തിനിടെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഗാനപ്രതിഭയെ മോദി പ്രശംസിച്ചു. തമിഴ് സിനിമയിലെ ഇതിഹാസ നടനും രാഷ്ട്രീയ നേതാവുമായ എം.ജി. രാമചന്ദ്രന്റെ (എംജിആർ) ഗാനങ്ങളോടുള്ള തന്റെ ഇഷ്ടവും തമിഴ് ഭാഷയെ കുറിച്ചും സാഹിത്യത്തെക്കുറിച്ചും വേദിയിൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, നിർമല സീതാരാമൻ എന്നിവരെ പരാമർശിച്ച്, തമിഴർ അവരുടെ കഴിവുകൾ കൊണ്ട് മനുഷ്യരാശിയെ സേവിച്ചുവെന്നും മോദി പറഞ്ഞു.

തമിഴ് ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മലായ സർവകലാശാലയിൽ തിരുവള്ളുവർ ചെയർ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പുറമെ, സംയുക്ത പൈതൃകം കൂടുതൽ ശക്തിപ്പെടുത്താൻ തിരുവള്ളുവർ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2026ലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണ് മലേഷ്യയിലേത്. അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായതിന് മുൻപേ തന്നെ താൻ അദ്ദേഹത്തിന്റെ സുഹൃത്താണെന്നും മോദി പറഞ്ഞു. ഇന്ത്യ–മലേഷ്യ ബന്ധത്തിന്റെ മാർഗദർശക വാക്കായി ‘IMPACT’ (India-Malaysia Partnership for Advancing Collective Transformation) നെ അദ്ദേഹം വിശേഷിപ്പിച്ചു.

ശനിയാഴ്ച മലേഷ്യയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. 800ലധികം കലാകാരൻമാർ ഇന്ത്യൻ ശാസ്ത്രീയവും നാടോടിയും ആയ നൃത്തങ്ങൾ അവതരിപ്പിച്ചു. തുടർന്ന്, ഇരുവരും ഒരേ വാഹനത്തിൽ യാത്ര ചെയ്ത് ‘ഭാരത് മാതാ കീ ജയ്’, ‘മോദി, മോദി’ എന്ന മുദ്രാവാക്യങ്ങൾക്കിടയിൽ വേദിയിലെത്തി. ഇന്ത്യ മലേഷ്യയുടെ “പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ്” എന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു.

സാധനങ്ങൾ മാത്രമല്ല, 2025ൽ 15 ലക്ഷത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മലേഷ്യ സന്ദർശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രധാനമന്ത്രി മോദിയുടെ മലേഷ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനമാണ്. 2024 ഓഗസ്റ്റിൽ ഇന്ത്യ–മലേഷ്യ ബന്ധം ‘സമഗ്ര തന്ത്രപര പങ്കാളിത്തം’ (Comprehensive Strategic Partnership) ആയി ഉയർത്തിയതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്.

Trust has become India’s strongest currency, PM Modi says in Malaysia. PM Modi made the remarks in Malaysia’s Kuala Lumpur, where he arrived earlier in the day for a two-day visit.

More Stories from this section

family-dental
witywide