
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ എട്ടുപേരുടെ മരണത്തിനും 25 പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയ വെടിവയ്പ്പിൽ 18 വയസ്സുള്ള ട്രാൻസ്ജെൻഡർ വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയായ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ സംഭവസ്ഥലത്ത് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേരെ – പ്രതിയുടെ 39 വയസ്സുള്ള അമ്മയെയും 11 വയസ്സുള്ള സഹോദരനെയും – അടുത്തുള്ള വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. വാൻ റൂട്ട്‌സെലാർ ആൺകുട്ടിയായാണ് ജനിച്ചതെങ്കിലും സ്ത്രീയായാണ് സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. “ജെസ്സി ജൈവശാസ്ത്രപരമായി ഒരു പുരുഷനായാണ് ജനിച്ചതെന്നും ഏകദേശം ആറ് വർഷം മുമ്പ് സ്ത്രീയിലേക്കുള്ള മാറ്റം ആരംഭിച്ചുവെന്നും എനിക്ക് പറയാൻ കഴിയും,” റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്ൻ മക്ഡൊണാൾഡ് പറഞ്ഞു.
ആദ്യം വീട്ടിൽ വെച്ചാണ് വെടിവയ്പ്പ് നടന്നതെന്നും അതിനുശേഷമാണ് പ്രതി സ്കൂളിലേക്ക് പോയതെന്നും മക്ഡൊണാൾഡ് വ്യക്തമാക്കി. സ്കൂളിൽ കൊല്ലപ്പെട്ടവരിൽ 39 വയസ്സുള്ള ഒരു അധ്യാപികയും, 12 വയസ്സുള്ള മൂന്ന് വിദ്യാർത്ഥിനികളും, 12-ഉം 13-ഉം വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഈ വെടിവയ്പ്പിൽ മറ്റ് പ്രതികൾക്ക് പങ്കുള്ളതായി അധികൃതർ വിശ്വസിക്കുന്നില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോളുകൾ ഉൾപ്പെടെ നിരവധി തവണ പൊലീസ് പ്രതിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വാൻ റൂട്ട്‌സെലാറിന് മുമ്പ് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. നാല് വർഷം മുമ്പാണ് വാൻ റൂട്ട്‌സെലാർ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നിന്ന് പഠനം നിർത്തിയത്.
Tumbler Ridge shooting: Police say 18-year-old transgender woman is the suspect, she has mental health issues















