ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിന് സിബിഐ സമൻസ്. ഈ മാസം 12ന് സിബിഐയുടെ ദില്ലി ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഈ നോട്ടീസ് വഴിതുറക്കും.
വിജയ് രൂപീകരിച്ച ടിവികെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27 കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
TVK Karur rally disaster: CBI summons Vijay














