കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടി ഓടിച്ച നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. കാറിൽ ദേവനന്ദന്‍ ഉള്‍പ്പെടെ 4 കെഎസ്‌യു പ്രവര്‍ത്തകരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരുക്കേറ്റ ചിന്നുലക്ഷ്മി എന്ന പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. ഇരുവരുടെയും ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കിയിരുന്നു.
വണ്ടി ഞങ്ങളുടെ തന്നെയാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ പോയ വണ്ടിയാണ്. വണ്ടി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. വണ്ടി ഓടിച്ചിരുന്ന ആള് തിരുവനന്തപുരത്തെ സിപിഐഎം നേതാവിന്റെ മകനാണ്. തന്റെ മകന്റെ കൂട്ടുകാരാണ്. അപകടം ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. ഇപ്പോള്‍ പ്രധാനം അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്നതാണ്. മകനാണ് വാഹനമോടിച്ചതെന്നും വാഹനത്തില്‍ നിന്ന് പണം പിടികൂടിയെന്നും അടക്കം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അപകടത്തെ ഉപയോഗപ്പെടുത്തി തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നു. പരുക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ ഓപ്പറേഷന്‍ കഴിഞ്ഞു. ബന്ധുക്കളെ കുട്ടി തിരിച്ചറിഞ്ഞുവെന്നും ആശ്വാസകരമായ വാര്‍ത്തകളാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നതെന്നും ബിന്ദു കൃഷ്‌ണ പ്രതികരിച്ചു.
Two girls injured after being hit by a car returning from a Congress candidate Bindu krishna rally in Kollam














