കുന്ദമംഗലത്ത് വീട്ടിനുള്ളിൽ ഉഗ്ര സ്ഫോടനം; രണ്ട് മരണം, ദമ്പതികൾക്ക് ഗുരുതര പരിക്ക്, പൊലീസും ഫോറൻസിക്കും പരിശോധന നടത്തുന്നു

കോഴിക്കോട് കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുടമസ്ഥനായ രാഹുൽ, ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് രാഹുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

വീടിനുള്ളിലുണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സ്ഫോടനത്തിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനം നടന്ന സമയത്ത് വീട്ടിൽ പടക്ക നിർമ്മാണത്തിനുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

സംഭവമറിഞ്ഞ് കുന്ദമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയിലെ വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തിരുന്നോ എന്ന കാര്യത്തിൽ പോലീസ് ഉടൻ വ്യക്തത വരുത്തും.

Two killed in house explosion at Kunnamangalam in Kozhikode

More Stories from this section

family-dental
witywide