മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രണ്ട് പെന്തക്കോസ്ത്‌ പാസ്റ്റർമാരെ അറസ്റ്റ് ചെയ്ത് പൊലീസ്. രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിലാണ് പാസ്റ്റർമാരായ ഉത്തം ഭരേല, വികാസ് ഭരേല എന്നിവരെ അറസ്റ്റ് ചെയ്തത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാസ്റ്റർമാർ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തു‌മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾ നൽകിയ പരാതിയിലുള്ളത്. മാത്രമല്ല ദരിദ്രരായ ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തവർക്ക് വലിയ അളവിൽ ഇറച്ചിയും കോഴിയിറച്ചിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.

പാസ്റ്റർമാർ മതപരിവർത്തനത്തിന് തയ്യാറാകാത്തവർക്ക് രോഗശാന്തി ലഭിക്കില്ലെന്നും അവർ നിത്യകാലം നരകയാതന അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. മതം മാറിയാലും പേരോ ജാതിയോ മാറ്റേണ്ടതില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നും ഇവർ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.

മോഹൻപൂർ കൂർത്ത് ഗ്രാമത്തിലെ ഒരു താൽക്കാലിക പന്തലിൽ വെച്ചാണ് സംഭവം നടന്നത്. ഈ പ്രാർത്ഥനാ യോഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവയും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്‌തുക്കളും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പാസ്റ്റർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗുണ പോലീസ് അറിയിച്ചു.

Two pastors arrested in Madhya Pradesh on charges of religious conversion

More Stories from this section

family-dental
witywide