അലക്സ് പ്രെറ്റിക്കുനേരെ വെടിയുതിർത്തത് രണ്ട് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻ്റുമാർ; പ്രെറ്റി തോക്കെടുക്കാൻ ശ്രമിച്ചില്ല, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് തിരിച്ചടിയായ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: മിനസോട്ടയിലെ മിനിയാപൊളിസിലെ ഐസിയു നഴ്‌സായ അലക്സ് പ്രെറ്റിയുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ രണ്ട് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഏജന്റുമാർ വെടിയുതിർത്തതായി റിപ്പോർട്ട്. 37 വയസ്സുകാരനായ അലക്സ് പ്രെറ്റി, മിനിയാപൊളിസിലെ ഒരു തീവ്രപരിചരണ വിഭാഗം നഴ്സായിരുന്നു. ജനുവരിയിൽ നടന്ന ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പ്രെറ്റിയുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നും അത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം അക്രമാസക്തനായതിനാൽ പ്രതിരോധത്തിനായി വെടിവയ്ക്കേണ്ടി വന്നു എന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നൽകുന്ന വിശദീകരണം. എന്നാൽ പ്രെറ്റിക്കുനേരെ രണ്ട് ഫെഡറൽ ഏജന്റുമാർ വെടിയുതിർത്തതായി യുഎസ് കോൺഗ്രസിന് നൽകിയ പ്രാഥമിക റിപ്പോർട്ടുകളിലുണ്ടെങ്കിലും പ്രെറ്റി തന്റെ തോക്ക് എടുക്കാൻ ശ്രമിച്ചതായോ ആക്രമിക്കാൻ തുനിഞ്ഞതായോ ഈ റിപ്പോർട്ടിൽ പരാമർശമില്ല. സിബിപിയുടെ ഓഫീസ് ഓഫ് പ്രൊഫഷണൽ റെസ്പോൺസിബിലിറ്റി നടത്തിയ പ്രാഥമിക അവലോകനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ചൊവ്വാഴ്ചയാണ് കോൺഗ്രസ് അംഗങ്ങൾക്ക് കൈമാറിയത്. ഇരുപാർട്ടികളിലെയും അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഈ കൊലപാതകത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ ഔദ്യോഗിക വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.

പ്രെറ്റിയുടെ മരണനിമിഷങ്ങൾ ഇങ്ങനെ

റിപ്പോർട്ട് പ്രകാരം ശനിയാഴ്ച രാവിലെ മിനിയാപൊളിസിൽ സിബിപി ഏജന്റുമാർ ഒരു ഓപ്പറേഷൻ നടത്തുന്നതിനിടെ, രണ്ട് സ്ത്രീകൾ ഉദ്യോഗസ്ഥരെ തടഞ്ഞു. റോഡിൽ നിന്ന് മാറിനിൽക്കാൻ ഉദ്യോഗസ്ഥൻ അവരോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് ഏജന്റുമാർ ആദ്യമായി പ്രെറ്റിയെ കാണുന്നത്. “സിബിപി ഉദ്യോഗസ്ഥൻ സ്ത്രീകളെ തള്ളിമാറ്റി. അവരിൽ ഒരാൾ ഓടി അടുത്തുള്ള ഒരാളുടെ അടുത്തെത്തി. ഇയാളാണ് 37 കാരനായ അമേരിക്കൻ പൗരൻ അലക്സ് ജെഫ്രി പ്രെറ്റി,” റിപ്പോർട്ട് പറയുന്നു. ഇരുവരെയും റോഡിൽ നിന്ന് മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും അവർ മാറിയില്ല. തുടർന്ന് ഉദ്യോഗസ്ഥൻ പ്രെറ്റിക്കും സ്ത്രീക്കും നേരെ ഒലിഒറെസിൻ കാപ്സിക്കം സ്പ്രേ പ്രയോഗിച്ചു. തുടർന്ന് ഏജന്റുമാർ പ്രെറ്റിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ പ്രെറ്റി ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുകയും പിടിവലി ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ, ‘അവന്റെ കയ്യിൽ തോക്കുണ്ട്’ എന്ന് ഒരു ബോർഡർ പെട്രോൾ ഏജന്റ് പലതവണ വിളിച്ചുപറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. “ഏകദേശം അഞ്ച് സെക്കൻഡിന് ശേഷം ഒരു ബോർഡർ പെട്രോൾ ഏജന്റ് തന്റെ ഗ്ലോക്ക് 19 തോക്കിൽ നിന്നും മറ്റൊരു സിബിപി ഉദ്യോഗസ്ഥൻ തന്റെ ഗ്ലോക്ക് 47 തോക്കിൽ നിന്നും പ്രെറ്റിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം പ്രെറ്റിയുടെ തോക്ക് തൻ്റെ കൈവശമുണ്ടെന്ന് ഒരു ഏജൻ്റ് അറിയിച്ചു. തുടർന്ന് അയാൾ ആ തോക്ക് സുരക്ഷിതമായി തൻ്റെ വാഹനത്തിലേക്ക് മാറ്റി,” സിബിപി റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ടിലെ വിവരങ്ങൾ നേരത്തെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നൽകിയ വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളിൽ പ്രെറ്റിയുടെ കയ്യിൽ ഫോൺ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആയുധം പ്രയോഗിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരും കുടുംബവും ആരോപിച്ചു. ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെഡറൽ ഏജന്റുമാരുടെ നടപടിക്കെതിരെ അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ ഉയരുകയാണ്.

Two U.S. Customs and Border Protection agents shot Alex Pretty; Report reveals, a blow to the Department of Homeland Security.

More Stories from this section

family-dental
witywide