അമേരിക്കയുടെ കടുത്ത ആക്രമണം: വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം; യാത്രകൾ ഒഴിവാക്കണം

ദില്ലി: വെനസ്വേലയിൽ അമേരിക്കയുടെ കടന്നുകയറ്റ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.

പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സിനെ ഉപയോഗിച്ച് വെനസ്വേലയിൽ കടന്നുകയറി ആക്രമണം നടത്തിയ അമേരിക്ക അതീവ രഹസ്യമായി ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ നിന്നാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്. വെനസ്വേലൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഡെൽറ്റ ഫോഴ്സ് എങ്ങനെ മഡൂറോയെ പിടികൂടിയെന്ന ചോദ്യം ബാക്കിയാണ്.

അതേസമയം ഇന്ത്യയിൽ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ അമേരിക്കയുടെ അധിനിവേശത്തെ വിമർശിച്ച് രംഗത്തെത്തി. വെനസ്വേലയുമായി നല്ല ബന്ധം പുലർത്തുന്ന റഷ്യയും ചൈനയും അമേരിക്കൻ നീക്കത്തെ വിമർശിച്ച് രംഗത്തെത്തി. ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

U.S. severe attack: Ministry of External Affairs issues warning to Indian nationals in Venezuela; Avoid traveling

More Stories from this section

family-dental
witywide