അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംരംഭമായ പാക്‌സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും. കരാറില്‍ ഖത്തർ ഒപ്പുവച്ചതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുക, നവീകരണത്തെ പിന്തുണയ്ക്കുക, ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പാക്‌സ് സിലിക്കയിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കക്കു വേണ്ടി സാമ്പത്തിക കാര്യ അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബെര്‍ഗാണ് കരാറില്‍ ഒപ്പുവെച്ചത്. കൃത്രിമബുദ്ധിയുടെ ഭാവി വിശ്വാസത്തിലും സ്ഥിരതയുള്ള ആഗോള പങ്കാളിത്തത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡര്‍ യുസഫ് അല്‍ ഒതൈബ പറഞ്ഞു. കേവലം എ ഐ മേഖലയിലെ സഹകരണം മാത്രം അല്ല കരാര്‍ എന്നും സാമ്പത്തിക അഭിവൃദ്ധി, നിര്‍ണായക ധാതുക്കളുടെ വിതരണവും എന്നിവ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമി കണ്ടക്ടര്‍ നിര്‍മ്മാണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യങ്ങള്‍, സിലിക്കണ്‍ വിതരണ ശൃംഖല എന്നിവയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച തന്ത്രപ്രധാനമായ സഖ്യമാണിത്. ഒന്‍പതാമത് രാജ്യമായാണ് യുഎഇ സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തില്‍ ഇന്ത്യ അടുത്ത മാസം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
UAE joins America’s Pax Silica alliance; A major step forward in technology














