
ന്യൂഡൽഹി : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ പ്രശംസിച്ച് യുഎഇ. ആഗോള വ്യാപാര സഹകരണത്തിന് ഉത്തേജനം നൽകുന്ന ഒന്നാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സ്വതന്ത്ര വ്യാപാരവും സാമ്പത്തിക തുറന്ന നിലപാടും പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഈ കരാർ ഒരു മാതൃകയാണെന്ന് യുഎഇ സഹമന്ത്രി സയീദ് അൽ ഹജേരി പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സാമ്പത്തിക ഏകീകരണത്തിന് എങ്ങനെ സഹായിക്കുന്നുവോ, അതുപോലെ തന്നെ ഈ പുതിയ കരാറും ആഗോള തലത്തിൽ ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം, യൂറോപ്യൻ യൂണിയനുമായി സ്വന്തമായി ഒരു കരാറിൽ ഉടൻ എത്തിച്ചേരാനാകുമെന്ന് യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ സഹകരണം ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ബാധിക്കുന്ന ഒന്നാണ്. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, കരകൗശലം തുടങ്ങിയ ഇന്ത്യൻ മേഖലകൾക്ക് ഈ കരാറിലൂടെ യൂറോപ്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭിക്കും. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ കരാർ “എല്ലാ കരാറുകളുടെയും മാതാവ്” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
UAE praises India-EU free trade agreement as a boost to global trade cooperation















