
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹ്രസ്വ സന്ദർശനത്തിനായി ഡൽഹിയിലെത്തി. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ വെച്ച് ആലിംഗനം ചെയ്ത് സ്വീകരിച്ച ശേഷം, ഇരുവരും ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴ് ലോക് കല്യാൺ മാർഗിലേക്ക് പോയത്. ഷെയ്ഖ് മുഹമ്മദിനെ തന്റെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന താല്പര്യത്തെ എക്‌സിലൂടെ പ്രകീർത്തിച്ചു.
രണ്ട് മണിക്കൂർ മാത്രം നീളുന്ന ഹ്രസ്വ സന്ദർശനമാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിന് പുറമെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചയാകും. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ (Board of Peace) എന്ന സമാധാന സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച പശ്ചാത്തലത്തിൽ ആ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.













