യുഎഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം വൻ വിജയം, മൂന്ന് മണിക്കൂറിൽ ഒപ്പിട്ടത് ചരിത്രപ്രധാനമായ കരാറുകൾ; ഇന്ത്യയുമായി കൈകോർത്ത് യുഎഇ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഹ്രസ്വമെങ്കിലും നിർണ്ണായകമായ ഡൽഹി സന്ദർശനം ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ഡൽഹിയിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കുകയും ആലിംഗനം ചെയ്ത് വസതിയിലേക്ക് ആനയിക്കുകയും ചെയ്തു. കേവലം മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന ഈ സന്ദർശനത്തിൽ ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ വൻ നിക്ഷേപങ്ങൾക്കും സഹകരണത്തിനുമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്.

ഊർജ്ജ സുരക്ഷയുടെ ഭാഗമായി ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (LNG) ഇറക്കുമതി വർദ്ധിപ്പിക്കാനും ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എഐ (AI), ശൂന്യാകാശ ഗവേഷണം എന്നീ മേഖലകളിൽ സഹകരിക്കാനും തീരുമാനമായി. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 200 ബില്യൺ ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളായ ഫസ്റ്റ് അബുദാബി ബാങ്ക്, ഡിപി വേൾഡ് എന്നിവയുടെ ഓഫീസുകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ കർഷകർക്ക് വലിയ നേട്ടമാകും.

മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് സൂചന. യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഷെയ്ഖ് മുഹമ്മദ് കാണിക്കുന്ന താല്പര്യത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെയും ഇരുനേതാക്കളും സംയുക്തമായി അപലപിച്ചു. പത്ത് വർഷത്തിനിടെ അഞ്ചാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തുന്നത് എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide